ടെല്‍അവീവ്: മിസൈല്‍ ആക്രമണത്തിലൂടെ ഇറാന് വലിയ തെറ്റ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു. ആര് ആക്രമിച്ചാലും തിരിച്ചടിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ മന്ത്രിസഭയുടെ അടിയന്തര യോഗത്തിലാണ് നെതന്യാഹുവിന്റെ പ്രഖാപനം.
സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്ന് നെതന്യാഹു പറഞ്ഞു. ഈ തെറ്റിന് ഇറാന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിനെതിരായി ഇറാന് നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടു. ഇറാന് രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. സൈനികവക്താവ് ഡാനിയേല്‍ ഹാഗാരിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ പ്രതിരോധസേന മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും സൈനിക വക്താവ് അവകാശപ്പെട്ടു.
ടെല്‍ അവീവിനുനേരെ ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. 180ലധികം മിസൈലുകളാണ് ഇറാന് അയച്ചത്. ഇസ്രായേലിനുനേരെ ഇറാന് മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
ഹിസ്ബുല്ല നേതാവ് ഹസന് നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈല്‍ ആക്രമണമെന്ന് ഇറാന് സൈന്യം വ്യക്തമാക്കി.
ടെഹ്റാനില്‍ ആഹ്ലാദം
ഇസ്രായേലിനെതിരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് തലസ്ഥാനമായ ടെഹ്റാനിലെ തെരുവില്‍ ആഘോഷം.
നിരവധി ആളുകള്‍ ഇറാന്റെയും ഹിസ്ബുള്ളയുടെയും പതാകകള്‍ പിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. വലിയ ജനക്കൂട്ടമാണ് ടെഹ്റാന് തെരുവില്‍. വെള്ളിയാഴ്ച ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന് നസ്റുള്ളയുടെ ചിത്രവും ഏന്തിയായിരുന്നു ആഹ്ലാദം. ചിലര്‍ പടക്കം പൊട്ടിച്ചു. ഏപ്രിലില്‍ ഇസ്രയേലിനെതിരായ ഇറാന് ആക്രമണത്തിന് ശേഷം ആഘോഷം നടന്നതു പോലെയാണ് ഇപ്പോഴത്തെയും ആഘോഷമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകള്‍ ബ്രിട്ടീഷ് എംബസിക്ക് പുറത്ത് ഒത്തുചേര്‍ന്ന് ആഹ്ലാദം പങ്കിട്ടു.