വടകര: ലളിത മലയാളം സ്പന്ദിക്കുന്നതാണ് കെ.കുഞ്ഞനന്തന് നായരുടെ കവിതകളെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു. കടത്തനാടന്‍ കാവ്യ പാരമ്പര്യം നിറഞ്ഞുനില്‍ക്കുകയാണ് കവിതയില്‍-അദ്ദേഹം പറഞ്ഞു.
തൊണ്ണൂറ്റി അഞ്ചാം വയസിലും കര്‍മനിരതമായ ജീവിതം നയിക്കുന്ന കെ.കുഞ്ഞനന്തന് നായരുടെ കവിതാ സമാഹാരമായ ‘ഋശ്യശൃംഗന്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ കെ.വി.സജയ് പുസ്തകം ഏറ്റുവാങ്ങി.
വടകര കേളുവേട്ടന്-പി.പി.ശങ്കരന് സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. ഇരിങ്ങല്‍ കൃഷ്ണന് പുസ്തക പരിചയം നടത്തി. ഡോ.എ.കെ.രാജന്, ഡോ.ശശികമാര്‍ പുറമേരി, പി.മുരളീധരന്, അനില്‍ ആയഞ്ചേരി, സുധീര്‍ ചന്ദ്രന്, കെ.സി.വിജയരാഘവന്, തയ്യുള്ളതില്‍ രാജന്, അനുരാധ നമ്പ്യാര്‍, സി.അര്ജുന്, വി.ടി.സദാനന്ദന്, ടി.രാജന് എന്നിവര്‍ സംസാരിച്ചു. കുഞ്ഞനന്തന് നായരുടെ ഭാര്യ ശ്യാമള, അമര്‍നാഥ് എന്നിവര്‍ കവിത ആലപിച്ചു. കുഞ്ഞനന്തന് നായര്‍ മറുമൊഴി നടത്തി. പുറന്തോടത്ത് ഗംഗാധരന് സ്വാഗതവും എടയത്ത് ശ്രീധരന് നന്ദിയും പറഞ്ഞു.
സംസ്കൃത പണ്ഡിതനും യുക്തിചിന്തകനും വാഗ്മിയുമായ കുഞ്ഞനന്തന്‍നായരുടെ ഒമ്പതാമത് ഗ്രന്ഥമാണ് 25 കവിതകളുടെ സമാഹാരമായ ‘ഋശ്യശൃംഗന്. കാളിദാസോ വിലാസഃ, മഹാഭാരതം- വേറിട്ടൊരു വായന, രാമായണം- നേര്‍വായന എന്നീ നിരൂപണ ഗ്രന്ഥങ്ങളും കാളിദാസന്റെ കുമാരസംഭവം, രഘുവംശം തുടങ്ങിയ സംസ്കൃത കൃതികളുടെ ദ്രാവിഡ ശീലുകളിലുള്ള മൊഴി മാറ്റവും പുരാണ നിഘണ്ടുവും നിഴലുകള്‍ എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. പേരാമ്പ്ര ഹൈസ്കൂളിലും മേമുണ്ട ഹൈസ്കൂളിലുമായി ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കുഞ്ഞനന്തന് നായര്‍ വടകര പുത്തൂരിലാണ് താമസം.