വടകര: വിശ്രമജീവിതത്തിനിടയില്‍ കെ.കുഞ്ഞനന്തന്‍നായര്‍ രചിച്ച കവിതകളുടെ സമാഹാരമായ ‘ഋശ്യശംഗന്’ പ്രകാശനത്തിന് തയ്യാറായി. നാളെ (ബുധന്‍) വൈകുന്നേരം മൂന്നിന് വടകര കേളുവേട്ടന്-പി.പി.ശങ്കരന് സ്മാരക ഹാളില്‍ കല്പറ്റ നാരായണന് പ്രകാശനം നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സജയ് കെ.വി. പുസ്തകം
ഏറ്റുവാങ്ങും. വി.ടി.മുരളി അധ്യക്ഷത വഹിക്കും. ഇരിങ്ങല്‍ കൃഷ്ണന് പുസ്തക പരിചയം നടത്തും.സംസ്കൃത പണ്ഡിതനും യുക്തിചിന്തകനും വാഗ്മിയുമായ കുഞ്ഞനന്തന്‍നായരുടെ ഒമ്പതാമത് ഗ്രന്ഥമാണ് 25 കവിതകളുടെ സമാഹാരമായ ഋശ്യശൃംഗന്. കാളിദാസോ വിലാസഃ, മഹാഭാരതം-വേറിട്ടൊരു വായന, രാമായണം-നേര്‍വായന എന്നീ നിരൂപണ ഗ്രന്ഥങ്ങളും കാളിദാസന്റെ കുമാരസംഭവം, രഘുവംശം തുടങ്ങിയ സംസ്കൃത കൃതികളുടെ ദ്രാവിഡ
ശീലുകളിലുള്ള മൊഴിമാറ്റവും പുരാണ നിഘണ്ടുവും നിഴലുകള്‍ എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. പേരാമ്പ്ര ഹൈസ്കൂളിലും മേമുണ്ട ഹൈസ്കൂളിലുമായി ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കുഞ്ഞനന്തന് നായര്‍ വടകര പുത്തൂരിലാണ് താമസം.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് പുറന്തോടത്ത് ഗംഗാധരന്, ജനറല്‍ കണ്‍വീനര്‍ എടയത്ത് ശ്രീധരന്, കെ.സി.വിജയരാഘവന്, മധു കടത്തനാട് എന്നിവര്‍ പങ്കെടുത്തു.