വടകര: റവന്യൂ വകുപ്പിന്റെ ഇ-സേവനങ്ങള്‍ ലോകവ്യാപകമാക്കുമെന്നു മന്ത്രി കെ.രാജന്. കേരളത്തില്‍ ഭൂമിയുള്ള മുഴുവനാളുകള്‍ക്കും ലോകത്തിലെ പത്ത് രാജ്യങ്ങളിലിരുന്ന് മൊബൈലില്‍ നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യൂ വകുപ്പ് ഇ-സംവിധാനങ്ങളെ മാറ്റാന്‍ പോകുകയാണെന്ന് മന്ത്രി പറഞ്ഞു.
വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമ ചട്ട ഭേദഗതികള്‍ വേണമെങ്കില്‍ അതു കൂടി മാറ്റി സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും. സംസ്ഥാന റവന്യു വകുപ്പ് ജനാഭിലാഷ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മൂന്നു വര്‍ഷക്കാലം കൊണ്ട് സര്‍ക്കാര്‍ 1,80,887 പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്തു. ജില്ലയില്‍ മാത്രം 20584 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്കിലെ ജാനകിവയല്‍ ഭൂമിയിലെ താമസക്കാര്‍ക്ക് അര്‍ഹത നോക്കി പട്ടയം നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ എല്ലാ ജില്ലകളിലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്ത് നടത്തും.അദാലത്തില്‍ 25 സെന്‍് വരെയുള്ള സ്ഥലങ്ങളുടെ ഭൂമി തരംമാറ്റത്തില്‍ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു
വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.കെ.രമ എംഎല്‍എ അധ്യക്ഷയായി. എംഎല്‍എമാരായ കാനത്തില്‍ ജമീല, ഇ കെ വിജയന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, ആര്.സത്യന്, സതീശന് കുരിയാടി, സി.കെ.കരീം, പി.എം.മുസ്തഫ, പ്രദീപ് ചോമ്പാല, പി.സോമശേഖരന്‍, ടി.വി.ബാലകൃഷ്ണന്, ടി.വി.ഗംഗാധരന്, വി.പി.അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ഡിഒ സി.ബിജു സ്വാഗതവും ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ വി.കെ.സുധീര്‍ നന്ദിയും പറഞ്ഞു.