ആയഞ്ചേരി: കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടന വേദിയില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കുറ്റ്യാടി മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പാറക്കല്‍ അബ്ദുല്ല പങ്കെടുക്കാത്തത് അറിയില്ലെന്നും യുഡിഎഫ് ബഹിഷ്കരിച്ചതിനെ വിമര്‍ശിച്ചും മന്ത്രി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പാറക്കല്‍ അബ്ദുല്ല.
പരിപാടിയിലേക്ക് ക്ഷണം ലഭിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും മുന്‍ എംഎല്‍എ ആരോപിച്ചു. രാഷ്ട്രീയപ്രേരിതമായ ഈ നീക്കത്തിനെതിരെയുള്ള ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്താനാണ് ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചത്. പ്രവൃത്തിയുടെ 90 ശതമാനവും തന്റെ സമയത്താണ് ചെയ്തതെന്നും ഇക്കാര്യം മന്ത്രി മുഹമ്മദ് റിയാസ് തന്നെ നിയമസഭയില്‍ അക്കമിട്ട് വ്യക്തമാക്കിയതാണെന്നും പാറക്കല്‍ അബ്ദുല്ല കൂട്ടിചേര്‍ത്തു. രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ് ഇത് സാധ്യമായതെന്നും വികസന കാര്യത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു.