വടകര: മൂന്നാമത് എം.ആര്.നാരായണകുറുപ്പ് സ്മാരക പ്രഭാഷണം പ്രശസ്ത സിനിമാ താരവും വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് സ്ഥാപകരില്‍ ഒരാളുമായ പത്മപ്രിയ മടപ്പള്ളി ഗവ.കോളജില്‍ നിര്‍വഹിക്കും. ഒക്ടോബര്‍ ഒന്നിന് ഉച്ച 1.30 ന് കോളജിലെ എജുസാറ്റ് ഹാളിലാണ് പരിപാടി.
മലയാള സിനിമാരംഗത്ത് നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെയും ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച് കണ്ടെത്തലുകള്‍ നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍, Re-telling the Tale through the frame of Equity and Justice (അതേ കഥകള്‍, സമതയുടെയും നീതിയുടെയും പുതുനോട്ടപ്പാടില്) എന്ന വിഷയത്തിലാണ് പത്മപ്രിയ സംസാരിക്കുക. തുടര്‍ന്ന് ചോദ്യോത്തരവേള ഉണ്ടായിരിക്കും. മടപ്പള്ളി ഗവ. കോളജും എം.ആര്. നാരായണക്കുറുപ്പിന്റെ കുടുംബങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.
സ്വാതന്ത്ര്യ സമര സേനാനിയും മടപ്പള്ളി കോളജ് സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ എം.ആര്.നാരായണക്കുറുപ്പിന്റെ സ്മരണാര്‍ഥം നടക്കുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണമാണിത്.