വടകര: വടകര മുനിസിപ്പല്‍ ചെയര്‍മാനും പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ.കെ.രാഘവന്റെ സ്മരണാര്‍ഥം സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്കാരം മുന്‍മന്ത്രി ജി.സുധാകരന്. സഹകരണ മന്ത്രി എന്ന നിലയിലും പ്രമുഖ സഹകാരി എന്ന നിലയിലും നിര്‍വഹിച്ച സമഗ്ര സംഭാവന പരിഗണിച്ചാണ് ജി.സുധാകരന് പുരസ്കാരം നല്‍കുന്നതെന്ന് സ്മാരക സമിതി പ്രസിഡന്റ് മനയത്ത് ചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ഒക്ടോബര്‍ 7 ന് വൈകു: നാലിന് വടകര ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പിക്കും.
സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന, സാമൂഹിക അനാചാരങ്ങള്‍ക്കും അഴിമതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൈക്കൊള്ളുന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ടെന്ന് മനയത്ത് ചന്ദ്രന് പറഞ്ഞു. എഴുത്തുകാരന്, കവി, പ്രഭാഷകന്‍ തുടങ്ങി എല്ലാ നിലകളിലും തിളക്കമുള്ള മാതൃകയാണ് ജി.സുധാകരന്. സഹകരണ രംഗത്തും ദേവസ്വം മേഖലയിലും അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ശ്രദ്ധേയമാണ്. ജനപ്രതിനിധിയായും സിന്‍ഡിക്കേറ്റ് അംഗമായും വിദ്യാഭ്യാസ മേഖലയിലും ഭരണ രംഗത്തും അടയാളപ്പെടുത്തപ്പെട്ട നേട്ടങ്ങള്‍ അദ്ദേഹത്തിനവകാശപ്പെടാം. സഹകരണ ലൈബ്രറി കോണ്‍ഗ്രസ് നടത്തിയതും എല്ലാ സഹകരണ സ്ഥാപനങ്ങളിലും ലൈബ്രറികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്കിയതും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചതും എന്‍.ബി.എസ് വിതരണം ചെയ്യുന്നതുമായ പുസ്തകങ്ങള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശം നല്കിയതും അദ്ദേഹമാണ്.
ഏഴിന് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടി മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന് ഇദ്ഘാടനം ചെയ്യും. പ്രമുഖ കവിയും സാഹിത്യകാരനുമായ കല്പറ്റ നാരായണന് പുരസ്കാര സമര്പണം നടത്തും. കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ ശ്രദ്ധേയനായ സുനില്‍ പി. ഇളയിടം ‘ദേശീയതയും ജനാധിപത്യവും വര്‍ത്തമാനകാല ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ കെ.കെ.രാഘവന്‍സ്മാരക പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സ്മാരക സമിതി സെക്രട്ടറി സി.കുമാരന്, കെ.കെ.കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.