പ്രത്യേക പ്രതിനിധി
ദോഹ: ഹിസ്ബുള്ളയുടെയും ഹമാസിന്റെയും മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രായേലിന് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേലിലേക്ക് പരക്കെ ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്. ഇരുന്നൂറിലേറെ മിസൈലുകളാണ് തുരുതുരാ വിക്ഷേപിച്ചത്. അക്രമം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആളപായം സംബന്ധിച്ച വിവരം ലഭ്യമല്ല.
മിസൈല്‍ ആക്രമണ മുന്നറിയിപ്പ് കിട്ടിയതിനു പിന്നാലെ ജനങ്ങള്‍ സുരക്ഷിതമായ ഷെല്‍ട്ടറുകളിലേക്ക് മാറി. ഇസ്രായേലിലുടനീളം അലാറങ്ങള്‍ മുഴങ്ങി. ജറുസലേമിലും ടെല്‍ അവീവിലും സ്ഫോടന ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈന്യം കൂടുതല്‍ ഭീഷണികള്‍’ കാണുന്നില്ലെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇസ്രയേലിലെ ജനങ്ങള്‍ സുരക്ഷിതരാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഹിസ്ബുല്ല തലവന്‍ ഹസന് നസ്റല്ലയെയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെയും കൊലപ്പെടുത്തിയതിന് മറുപടിയായാണ് ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് (ഐആര്‍ജിസി) പറഞ്ഞു. ഇറാനില്‍ ഉള്‍പെടെ എവിടേയും ആക്രമിക്കാന്‍ ശേഷിയുണ്ടെന്ന ഇസ്രായേല്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള മിസൈല്‍ ആക്രമണം.
ഇസ്രായേല്‍ തിരിച്ചടിച്ചാല്‍ ടെഹ്റാന്റെ പ്രതികരണം കൂടുതല്‍ തകര്‍ത്തതും വിനാശകരവുമായിരിക്കും-റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പു നല്കുന്നു.
ഇസ്രായേലിലേക്ക് വിക്ഷേപിച്ചതില്‍ 80 ശതമാനം മിസൈലുകളും ലക്ഷ്യങ്ങളില്‍ തന്നെ പതിച്ചതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ പറഞ്ഞു. അതേസമയം, ഭൂരിഭാഗം മിസൈലുകളും തകര്‍ത്തതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ആക്രമണം ഗുരുതരമാണെന്നും തക്കസമയത്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയാണ് ഇസ്രയേലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഖമേനി സുരക്ഷിതമായ സ്ഥലത്താണ് തുടരുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
മിസൈല്‍ ആക്രമണം ഇസ്രായേല്‍ നേരത്തേ അറിഞ്ഞു
ഇസ്രായേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ആസന്നമായേക്കാമെന്ന വിവരം ഇസ്രായേല്‍ നേരത്തേ അറിഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനാണ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനങ്ങളോട് സുരക്ഷിതരായി ഇരിക്കാനും സേനയുടെ നിര്‍ദേശം പാലിക്കാനും ആവശ്യപ്പെട്ടു. മിസൈല്‍ ആക്രമണം വരുന്നതിനു മുമ്പ് അലാറവും മൊബൈല്‍ ഫോണുകളില്‍ മുന്നറിയിപ്പ് സന്ദേശവും വന്നതിനാല്‍ ഇസ്രായേല്‍ ജനത ഷെല്‍ട്ടറുകളിലേക്ക് പൊടുന്നനെ മാറി. ഇത് കൂടുതല്‍ ആളപായം തടയാന്‍
സഹായിച്ചെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വലിയ വെല്ലുവിളികളാണ് മുന്നിലുള്ളതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത വീഡിയോയില്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ തങ്ങളുടെ താമസക്കാരെ വടക്ക് ഭാഗത്തുള്ള അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നു. ‘നമ്മള് ഒരുമിച്ച് പോരാടും, ഒരുമിച്ച് വിജയിക്കും’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.