വടകര: സ്ത്രീകളെ കീഴ്പ്പെടുത്തുന്നത് സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലായിടത്തും വ്യാപകമായ ഈ പ്രവണതക്കെതിരെ പോരാടേണ്ടതുണ്ടെന്നും നടി പത്മപ്രിയ പറഞ്ഞു. മടപ്പള്ളി ഗവണ്മെന്റ് കോളജില്‍ മൂന്നാമത് എം.ആര് നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു പത്മപ്രിയ.
ആഴത്തില്‍ വേരൂന്നിയ ലിംഗവിവേചനമാണ് കഥകളുടെ കാര്യത്തിലും സിനിമയിലെതുല്യതയിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിലേക്കും നയിക്കുന്നത്. അക്കാദമിക് ഗവേഷണങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ച അടിസ്ഥാനമാക്കി, സിനിമകളില്‍ സ്ത്രീ-പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയിലുള്ള വ്യത്യാസം പത്മപ്രിയ ചൂണ്ടിക്കാട്ടി. എക്സിക്യൂട്ടീവുകള്‍, സൈനിക ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഗുണ്ടാസംഘങ്ങള്‍ തുടങ്ങിയ കര്‍തൃത്വമുള്ള കഥാപാത്രങ്ങള്‍ കൂടുതലും പുരുഷന്മാരാണ്. സ്ത്രീ കഥാപാത്രങ്ങള്‍ കൂടുതലും സുന്ദരികളായ പെണ്‍കുട്ടികളും ദുഃഖപുത്രിമാരും നര്ത്തകികളുമാണ് .
ഒരു സ്ത്രീ, പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ സ്ത്രീയാണ് പ്രശ്നമെന്ന് വരുത്തിത്തീര്ക്കുന്നുവെന്ന്തന്റെ വ്യക്തിപരമായ അനുഭവം പങ്കുവച്ചു പത്മപ്രിയ പറഞ്ഞു. ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന് തന്നെ തല്ലിയസംഭവം പത്മപ്രിയ വിവരിച്ചു. ഈ പ്രശ്നം ഉന്നയിച്ചതിന്റെ ഫലമായി, ധാരണയായിരുന്ന പല സിനിമകളും നഷ്ടമായി. ഈ സംഭവത്തിനു ശേഷം കുറേക്കാലം താന്‍ വിചാരിച്ചത് ഞാനാണ് പ്രശ്നമെന്നാണ്- പത്മപ്രിയ പറഞ്ഞു. നന്നായി അഭിനയിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായകന് കരണത്തടിച്ചത്. എന്നാല്‍, ഈ ചിത്രത്തിലെ അഭിനയത്തിന് തനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു എന്നതാണ് രസകരമായ കാര്യം.
ലിംഗ പക്ഷപാതത്തെ കുറിച്ച് നിരന്തരം സംസാരിക്കുക, സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക. ഇതോടൊപ്പം സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ സൂക്ഷ്മമായ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുകയാണെങ്കില്‍ അത് നിങ്ങളെതിരിഞ്ഞടിക്കുമെന്ന കാര്യം മറക്കരുത്.
മലയാള സിനിമ രംഗത്ത് നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെയും ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച് കണ്ടെത്തലുകള്‍ നടത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ‘അതേ കഥകള്‍,സമതയുടെയും നീതിയുടെയും പുതു നോട്ടപ്പാടില്‍’ എന്ന വിഷയത്തെ അധികരിച്ചാണ് പത്മപ്രിയ സംസാരിച്ചത്.
പ്രിന്‍സിപ്പാള്‍ പി.എം.ഷിനു അധ്യക്ഷത വഹിച്ചു. പ്രഭാഷണത്തിനു ശേഷംകോളജിലെ ഒന്നാംവര്‍ഷ പിജി ഇംഗ്ലീഷ് വിദ്യാര്‍ഥികളായ ഇര്‍ഫാന, ഹുദ, ഹൃദ്യ, അനുനന്ദ തുടങ്ങിയവര്‍ അവതരിപ്പിച്ച നാടകാവിഷ്കാരവും തുടര്‍ന്ന് ചോദ്യോത്തര വേളയുംഉണ്ടായിരുന്നു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ.കെ.ദീപ സ്വാഗതവും ജിതിന് പോള നന്ദിയും പറഞ്ഞു.