വടകര: നിര്‍മാണ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടും പൂവാടന്ഗേറ്റിലെ അടിപ്പാത ഗതാഗതത്തിന് തുറന്നുകൊടുക്കാത്തതില്‍ നാട്ടുകാരില്‍ അമര്‍ഷം ഉയരുന്നു. അടിപ്പാതയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഇഴ ജന്തുക്കള്‍ക്കും കൊതുകിനും സുഖവാസ കേന്ദ്രമായെന്നതല്ലാതെ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കി വാഹനയോട്ടത്തിന് സൗകര്യം ചെയ്യാന്‍ റെയില്‍വെയും കരാറുകാരനും മടിക്കുകയാണ്. ഈ പ്രദേശത്തുകാര്‍ മൂന്നര വര്‍ഷമായി അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതില്‍ റെയില്‍വെയുടെ ഭാഗത്ത് നിന്ന് ഇപ്പോഴും ഫലപ്രദമായ നടപടി ഉണ്ടാവുന്നില്ല.
അടിപ്പാതയില്‍ നിറയുന്ന വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാന്‍ റെയില്‍വെ പുതുതായി കരാര്‍ കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പാളത്തിനു കിഴക്ക് രണ്ട് മോട്ടോറുകള്‍ സ്ഥാപിക്കുകയും കറന്റ് കണക്ഷന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും പെട്ടെന്നു തന്നെ അടിപ്പാത തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പക്ഷേ ഇതൊക്കെ ചെയ്തിട്ടും അനിശ്ചിതത്വത്തില്‍ തന്നെയാണ് കാര്യങ്ങള്‍.
മോട്ടോര്‍ സംബന്ധിച്ച കരാറെടുത്ത കോഴിക്കോട്ടെ സ്ഥാപനത്തിനാണ് ഇവ പ്രവര്ത്തിപ്പിക്കേണ്ടതിന്റെയും ചുമതല. ക്വട്ടേഷനില്‍ പറയുന്നതുപോലുള്ള പ്രവൃത്തി ഇവര്‍ യഥാസമയം ചെയ്യുകയുമുണ്ടായി. എന്നിട്ടും വെള്ളമെന്തേ വറ്റിക്കാത്തതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
നിലവില്‍ കെട്ടിനില്ക്കുന്നത്ര വെള്ളം പമ്പ് ചെയ്യാന്‍ ശേഷിയുള്ളതല്ല കരാര്‍പ്രകാരം ഇവിടെ ഘടിപ്പിച്ച മോട്ടോറുകള്‍. രണ്ട് എച്ച്പിയുടെ രണ്ട് മോട്ടോറുകളാണ് പുതുതായി പണിത കിണറില്‍ സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുക ഈ കരാറുകാരുടെ ചുമതലയല്ലെന്നു പറയുന്നു. നിലവിലുള്ള വെള്ളം അടിപ്പാതയുടെ മൊത്തം കരാറെടുത്ത ആളാണ് നീക്കം ചെയ്യേണ്ടതെന്നും ഇത് ചെയ്യാത്തതാണ് അനിശ്ചിതത്വത്തിനു കാരണമെന്നും പറയുന്നു.
നിലവില്‍ അടിപ്പാതയില്‍ കെട്ടി നില്ക്കുന്ന വെള്ളത്തിന്റെ അളവ് വളരെ കൂടുതലായതിനാല്‍ ഇത് വറ്റിക്കാന്‍ നല്ല ശേഷിയുള്ള മോട്ടോര്‍ ഉപയോഗിക്കേണ്ടതുണ്ട്. ഇക്കാര്യം ചെയ്യേണ്ടത് അടിപ്പാത നിര്‍മാണ കരാര്‍ ഏറ്റെടുത്തവരാണ്. ഡീസലില്‍ പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ ഉപയോഗിച്ചു വേണം ഇത്രയേറെ വെള്ളം പമ്പ് ചെയ്യാന്‍. ഇതിനു വലിയ ചെലവ് വരുമെന്നതിനാല്‍ അനങ്ങാതിരിക്കുകയാണ് അടിപ്പാത നിര്‍മാണം ഏറ്റെടുത്ത കരാറുകാരനെന്നാണ് ആരോപണം. മാത്രമല്ല ഇങ്ങനെ പമ്പ് ചെയ്താല്‍ നല്ല ഉറവയുള്ള ഈ സ്ഥലത്ത് വീണ്ടും പെട്ടെന്ന് വെള്ളം നിറയുമെന്ന ആശങ്കയുണ്ട്. ഉറവയുള്ള ഭാഗത്തെ ചോര്‍ച്ച അടക്കാനും ബുദ്ധിമുട്ടാവും. ഇത് ഒഴിവാക്കാന്‍ ബോധപൂര്‍വം പമ്പിംഗ് നീട്ടിക്കൊണ്ടുപോവുന്നതായാണ് നാട്ടുകാരുടെ വിമര്‍ശനം. തുടര്‍ച്ചയായി വെയിലുണ്ടായാല്‍ ഉറവയുടെ ശക്തികുറയുകയും ചോര്‍ച്ച അടക്കുകയും ചെയ്യാനാവുമെന്ന കണക്കുകൂട്ടലിലാണ് അടിപ്പാതയുടെ കരാര്‍ ഏറ്റെടുത്തയാളും തൊഴിലാളികളും. ഇതിന്റെ പേരില്‍ ആഴ്ചകളോളം അടിപ്പാത തുറന്നുകൊടുക്കാതെ നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
റെയില്‍വെയുടെ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയെങ്കിലും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അടിപ്പാത പണിയുന്നതിനു വേണ്ടി മൂന്നര വര്‍ഷമായി പൂവാടന്‍ഗേറ്റ് വഴിയുള്ള റോഡ് ഗതാഗതം നിലച്ചിരിക്കുകയാണ്. അധികദൂരം താണ്ടിയാണ് നാട്ടുകാര്‍ ഇപ്പോഴും സഞ്ചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചതിനു ശേഷമാണ് നിര്‍മാണ ജോലിക്ക് വേഗത കൈവന്നത്. ഏതാണ്ട് പണി പൂര്‍ത്തിയായിട്ടും നിസ്സാര കാരണം പറഞ്ഞ് അടിപ്പാത ഗതാഗതത്തിന് തുറന്നു കൊടുക്കാതെ നീട്ടിക്കൊണ്ടുപോവുന്നത് വലിയ അമര്‍ഷത്തിന് വഴിവെക്കുകയാണ്. ഇക്കാര്യത്തില്‍ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ആക്ഷന്‍ കമ്മിറ്റി.