വടകര: ഓട്ടോറിക്ഷയില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ ബ്രേസ്ലെറ്റ് ഉടമക്ക് തിരികെ നല്കിയ ഓട്ടോഡ്രൈവര്‍ അഭിനന്ദനം പിടിച്ചുപറ്റി. കുറുമ്പയില്‍ സ്വദേശി മണിക്കാണ് തന്റെ വാഹനത്തില്‍ നിന്ന് ആഭരണം കിട്ടിയതും ഉടമക്ക് തിരികെ കിട്ടാന്‍ വഴിയൊരുക്കിയതും.
കഴിഞ്ഞ ദിവസം വടകര വീരഞ്ചേരിയില്‍ നിന്ന് ശ്രീനാരായണ സ്കൂളിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ എടച്ചേരി സ്വദേശി വിതുനയുടെ മൂന്നു വസസ്സുള്ള കുട്ടിയുടെ ബ്രേസ്ലെറ്റാണ് തന്റെ ഓട്ടോയില്‍ നിന്ന് മണിക്ക് കിട്ടിയത്. വിതുനയുടെ മറ്റൊരു കുട്ടി പഠിക്കുന്ന ശ്രീനാരായണ സ്കൂളില്‍ കലോത്സവം കാണാനെത്തിയതായിരുന്നു വിതുനയും കുഞ്ഞും. ഇവരെ സ്കൂളിലിറക്കിയ ശേഷം തിരിച്ചു പോകുമ്പോഴാണ് ഒട്ടോയില്‍ ആഭരണം കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടത്. ഡ്രൈവര്‍ ഉടന്‍ ഉടമയെ അന്വേഷിച്ച് സ്കൂളിലെത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. വിവരം കിട്ടിയ സ്കൂള്‍ അധികൃതര്‍ ഇക്കാര്യം കലോത്സവത്തിനിടയില്‍ മൈക്കിലൂടെ അറിയിപ്പ് കൊടുക്കുകയും ചെയ്തു. സ്കൂളില്‍ തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയാണ് മണി ജോലി തുടര്‍ന്നത്. വൈകിട്ടോടെ ബ്രേസ്ലെറ്റും അന്വേഷിച്ച് യുവതി സ്കൂളിലെത്തി. തുടര്‍ന്ന് മണിയും സ്കൂളിലെത്തി ആഭരണം ഉടമയ്ക്ക് തിരികെ നല്‍കുകയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദിനേഷ് കരുവാന്‍കണ്ടി, സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍ എന്നിവര്‍ മണിയുടെ സത്യസന്ധതയെ അഭിനന്ദിച്ചു.