വടകര: ചോറോട് പഞ്ചായത്തിലെ കൈനാട്ടിയില്‍ നിന്നു മീത്തലങ്ങാടി, കക്കാട്ട് പള്ളി മേഖലകളിലേക്കുള്ള റോഡിന്റെ ദയനീയാവസ്ഥക്ക് പരിഹാരം തേടി യൂത്ത് കോണ്‍ഗ്രസ് സമരം. ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിന്റെ ഫലമായാണ് തീരദേശമേഖലയിലേക്കുള്ള ഈയൊരു സുപ്രധാന റോഡ് തകര്‍ന്നത്. മാസങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍ തന്നെ കിടക്കുകയാണ്. മീത്തലങ്ങാടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍, റേഷന്‍ കട എന്നിവിടങ്ങളിലേക്കുള്ളവരും പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ പോകുന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ വഴുതി വീഴുന്ന സ്ഥിതിയാണ്. അത്രമാത്രം ദുരവസ്ഥയിലാണ് റോഡ്.
അടിയന്തരമായി റീടാറിങ്ങ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരം യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജിന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കാര്‍ത്തിക് ചോറോട് അധ്യക്ഷത വഹിച്ചു. പി.ടി.കെ.നജ്മല്‍, മുഹമ്മദ് മിറാഷ്, രജിത്ത് മാലോല്‍, രാകേഷ് കെ.ജി, ബിജു മൊട്ടേമ്മല്‍, റയീസ് കോടഞ്ചേരി, ഗായത്രി മോഹന്‍ദാസ്, ദില്‍രാജ് പനോളി, ജിബിന്‍രാജ് കൈനാട്ടി, സിജു പുഞ്ചിരിമില്‍, സുഭാഷ് ചെറുവത്ത്, ജുനൈദ്, സവാദ്, ഷഫീന്, പ്രകാശന് എന്‍.കെ എന്നിവര്‍ നേതൃത്വം നല്കി.