കോഴിക്കോട്: സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷനും ഫാറൂഖ് ട്രെയ്നിംഗ് കോളേജും മലബാർ ക്രിസ്റ്റ്യൻ കോളേജും സംയുക്തമായി പാളയം ബസ്റ്റാന്റ്, മാർക്കറ്റ്, മിഠായിതെരുവ് എന്നിവിടങ്ങളിൽ ശുചിത്വ ബോധവൽക്കരണ റാലി നടത്തി. പതിവ് ക്യാമ്പയിനിംഗുകളിൽ നിന്നും വ്യത്യസ്തമായി പ്ലാസ്റ്റിക് ഭൂതം, ഇ-വേസ്റ്റ് ഭൂതം
എന്നിങ്ങനെ വ്യത്യസ്തമായ മാലിന്യ രൂപങ്ങളിൽ വേഷമണിഞ്ഞ എൻഎസ്എസ് വളണ്ടിയർമാർ മാർക്കറ്റിലും ബസ് സ്റ്റാൻന്റിലും മിഠായി തെരുവിലും സന്ദേശങ്ങളെത്തിച്ചു. പ്ലക്കാർഡുകളും കത്തുകളുമായി മിഠായിതെരുവിലെയും മാർക്കറ്റിലെയും കടകളിൽ നേരിട്ടെത്തിയ വിദ്യാർത്ഥികളുടെ ബോധവൽക്കരണം വേഷവിധാനത്താലും റാലിയാലും ശ്രദ്ധേയമായി.
കോഴിക്കോട് പാളയം മാർക്കറ്റിൽ ആരംഭിച്ച റാലിയുടെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ജയശ്രീ നിർവഹിച്ചു. എൻഎസ്എസ് ജില്ലാ കോഡിനേറ്റർ ഫസീൽ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണലിൽ മോഹനൻ, കെ പി രാധാകൃഷ്ണൻ, സി കെ സരിത്, ഡോ. സുരേഷ്, ജ്യോതിഷ് ഒ എന്നിവർ സംസാരിച്ചു.