വടകര: മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും കളങ്കമില്ലാത്ത പൊതുജീവതത്തിന്റെയും സൂര്യതേജസ് ആയിരുന്നു അഡ്വ എം.കെ.പ്രേംനാഥെന്ന് മുന്‍ എംപി തമ്പാന്‍ തോമസ് അഭിപ്രായപ്പെട്ടു. വടകര കടത്തനാട് വനിത സഹകരണ സംഘം സ്ഥാപക മാര്‍ഗ ദര്‍ശിയായ പ്രേംനാഥിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുഴുവന്‍ സോഷ്യലിസ്റ്റുകളുമായും ഗാഢവും തുറന്നതുമായ സ്‌നേഹബന്ധം പുലര്‍ത്തി സോഷ്യലിസ്റ്റുകളെ ഒരുകൊടിക്കീഴില്‍ അണിനിരത്തുന്ന പ്രവര്‍ത്തനത്തിനിടയിലുണ്ടായ വേര്‍പാട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും സോഷ്യലിസ്റ്റ് ഏകീകരണമെന്ന പ്രേംനാഥിന്റ സ്വപ്നം യാഥാര്‍ഥ്യമാക്കുക എന്നത് പ്രവര്‍ത്തകരുടെ കടമയാണെന്നും തമ്പാന്‍ തോമസ് ഓര്‍മിപ്പിച്ചു.
ജനോപകാരപ്രവര്‍ത്തനങ്ങളിലുടെ സഹകരണ സംഘങ്ങളുടെ ജനക്ഷേമ പദ്ധതികള്‍ ശക്തമാക്കുക എന്നത് ആഗോളീകരണത്തിന് എതിരെയുള്ള ശക്തമായ മറുപടിയാണ്-അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.കെ.നാണു, ഇ.പി.ദാമോദരന്‍, ടി.പി.ജോസഫ്, മലയിന്‍കീഴ് ശശികുമാര്‍, സലിം മടവൂര്‍ പി.രാജന്‍ മാസ്റ്റര്‍, മനോജ് ടി സാരംഗ്, ടോമി മാത്യു, വി.എ.ലത്തീഫ്, കണ്ടിയില്‍ വിജയന്‍, ടി.എന്‍.കെ.ശശീന്ദ്രന്‍, ആയാടത്തില്‍ രവീന്ദ്രന്‍, ഇ കെ.ശ്രീനിവാസന്‍, എം.അമ്മത്, വിപി.രമേശന്‍, എം.വി.ജയപ്രകാശ്, ടിശ്രീനിവാസന്‍, ഒ.പി.പ്രേമിനി, പത്മ പയ്യട എന്നിവര്‍ സംസാരിച്ചു .