നാദാപുരം: വാണിമേല്‍ പഞ്ചായത്തില്‍ ഭീതി പരത്തി മഞ്ഞപ്പിത്തം പടരുന്നു സ്കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. മേഖലയിലെ ഒരു യുപി സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 14 ആയി ഉയര്‍ന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. സ്കൂളുകളില്‍
ബോധവല്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തി വരുന്നു. സ്കൂള്‍ പരിസരങ്ങളില്‍ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍, സുരക്ഷിതമല്ലാത്ത പാനീയങ്ങള്‍ എന്നിവ വില്പന നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി. ഹോട്ടലുകള്‍, കൂള്‍ബാര്‍, സ്കൂള്‍ പാചകപ്പുരകള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
കെ.ജയരാജ് പരിശോധകള്‍ക്കും ബോധവല്‍ക്കരണത്തിനും നേതൃത്വം നല്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.പി. സതീഷ്, പി.വിജയരാഘവന്, കെ.എം.ചിഞ്ചു, പി.ജെ അനുമോള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അറിയിച്ചു.