വടകര: ചോറോട് മുട്ടുങ്ങല്പാറയിലെ ജനവാസ മേഖലയില്‍ എത്തിപ്പെട്ട പെരുമ്പാമ്പിനെ നാട്ടുകാര്‍ മുന്നിട്ടിറങ്ങി വലയിലാക്കി. രണ്ട് മീറ്ററിലേറെ നീളവും ഇരുപത് കിലോ ഭാരവുമുള്ള പാമ്പിനെ പിന്നീട് കുറ്റ്യാടിയില്‍ എത്തിച്ച് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
ഇന്നലെ രാത്രി പത്തോടെയാണ് പാമ്പ് ആളുകളുടെ ശ്രദ്ധയില്‍പെടുന്നത്. വീട്ടുമുറ്റത്ത് കൂടെ ഇഴഞ്ഞുപോവുന്നത് കണ്ട് നാട്ടുകാര്‍ ഒത്തുകൂടി പോലീസിലും ഫയര്‍ഫോഴ്സിലും വനംവകുപ്പിലും അറിയിച്ചെങ്കിലും ആരും എത്തിയില്ല. വനംവകുപ്പുകാരെങ്കിലും വരുമെന്ന് കരുതി. സമയം നീണ്ടതോടെ പാമ്പ് സ്ഥലംവിടുമെന്ന് കണ്ടതോടെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു. ജാഗ്രത ചോറോട് സര്‍ക്കിള്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ടി.കെ.തിലകന്, ഓട്ടോ ഡ്രൈവര്‍ എന്‍.ആരിഫ്, ഫയര്‍ഫോഴ്സ് ഡിഫന്‍സ് വളണ്ടിയര്‍ എം.ടി.കെ.വിജേഷ്, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ സി.പി.നാണു എന്നിവര്‍ ചേര്‍ന്ന് ഏറെ ശ്രമകരമായി പിടികൂടി. വലിയ സഞ്ചിയിലാക്കിയ പാമ്പിനെ തിലകനും വിജേഷും ചേര്‍ന്ന് കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കുകയായിരുന്നു.