വില്ല്യാപ്പള്ളി എംജെവിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം 29ന് ഞായറാഴ്ച നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന എംജെവിഎച്ച്എസ് സ്കൂളിന്റെ സ്നേഹസാക്ഷ്യമാണ് ഈ സ്നേഹഭവനം.
കഴിഞ്ഞ വര്‍ഷം എംജെ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കെ മരണപ്പെട്ട പെണ്‍കുട്ടിക്കാണ് വയനാട്ടിലെ പരിയാരത്ത് വീട് പണിതിരിക്കുന്നത്. വില്യാപ്പള്ളിക്കടുത്ത് വൈക്കിലശ്ശേരിയിലെ ബന്ധു വീട്ടില്‍ നിന്നായിരുന്നു പെണ്‍കുട്ടി എംജെ സ്കൂളില്‍ വന്നിരുന്നത്. അന്ത്യോപചാരം അര്പിക്കുന്നതിനു വേണ്ടി പോയ രക്ഷിതാക്കളും അധ്യാപകരും അവരുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിട്ട് മനസിലാക്കിയതോടെയാണ് വീട് പണിതുകൊടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നതും നടപടിയിലേക്ക് തിരിഞ്ഞതും. മൃതശരീരം നേരാംവണ്ണം കിടത്താനുള്ള സൗകര്യം പോലും വീട്ടിലുണ്ടായിരുന്നില്ല. താര്‍പായ കൊണ്ട് മറച്ച ഷെഡ്ഡിലാണ് മാതാപിതാക്കളും രണ്ട് സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന്റെ താമസം.
ഈ ദയനീയാവസ്ഥ കണ്ട് വീട് നിര്‍മിച്ചു നല്കാന് തീരുമാനിക്കുകയായിരുന്നു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ഏകദേശം 10 ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ സമാഹരിച്ചു. എട്ടു മാസത്തിനുള്ളില്‍ മനോഹരമായ വീട് പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.
ഞായറാഴ്ച രാവിലെ 11 മണിക്ക് വീട് കുടുംബത്തിന് കൈമാറും. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ താക്കോല്‍ദാനം നിര്‍ഹിക്കും. സ്കൂള്‍ ഹെഡ്മാസ്റ്റര് ആര്.ഷംസുദ്ദീന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഹെഡ്മാസ്റ്റര് ആര്.ഷംസുദ്ദീന്, നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ എ.വി.അബ്ദുള്‍ മജീദ്, അബ്ദുള്‍
അസീസ്, റാഷിദ് പനോളി എന്നിവര്‍ പങ്കെടുത്തു.