മേപ്പയൂര്‍: ചെറുവണ്ണൂര്‍ പവിത്രം ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളില്‍ ഒരാളെ ബീഹാറില്‍ പിടികൂടി. നേപ്പാള്‍ അതിര്‍ത്തിയില്‍ കിഷന് ഗഞ്ച് ജില്ലയിലെ ദിഗല്‍ ബങ്ക് പോലീസ് സ്റ്റേഷന് പരിധിയിലെ മങ്കുര ബാല്‍വാടങ്കി ഹൗസില്‍ മുഹമ്മദ് മിനാര്‍ ഉല്ഹഖാണ്(24) മേപ്പയൂര്‍ പോലീസിന്റെ വലയിലായത്. ഇയാളെ പിടികൂടുന്നത് നേപ്പാള്‍ അതിര്‍ത്തിയില്‍ ഗ്രാമവാസികള്‍ തടഞ്ഞെങ്കിലും ബിഎസ്എഫിന്റെ ഇടപെടലാണ് മേപ്പയൂരില്‍ നിന്ന് പോയ അന്വേഷണ സംഘത്തിനു തുണയായത്. കവര്‍ച്ചയുടെ സൂത്രധാരനായ ഇസാഖ് മാംഗുര എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ജൂലൈ ആനാണ് ചെറുവണ്ണൂര്‍ പവിത്രം ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ഇസാഖ് മാംഗുര എന്നയാള്‍ മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളില്‍ ജോലി ചെയ്തുവരികയുമായിരുന്നു. ജൂലൈ അഞ്ചിന് ബീഹാറില്‍ നിന്നു മുഹമ്മദ് മിനാര്‍ ഉല്‍ഹഖ് കേരളത്തിലെത്തുകയും പിറ്റേന്നു പുലര്‍ച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവര് കുത്തിത്തുറന്ന് അകത്തു കടന്ന് 250 ഗ്രാമോളം സ്വര്‍ണവും 5 കിലോഗ്രാം വെളളിയാഭരണങ്ങളും കവരുകയായിരുന്നു. പിന്നാലെ ഇവര്‍ നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം രക്ഷപ്പെടുകയും ചെയ്തു.
യാതൊരു തെളിവും അവശേഷിപ്പിക്കാത്ത കേസില്‍ മേപ്പയൂര്‍ പോലീസ് ആഴ്ചകളോളം നടത്തിയ പരിശ്രമത്തിനാണ് തുമ്പുണ്ടായത്. മുയിപ്പോത്തെ ഒരു സിസിടിവില്‍ ആറാം തിയതി പുലര്‍ച്ചെ രണ്ടുപേര്‍ ധൃതിയില്‍ നടന്നു പോകുന്ന ചിത്രം പോലീസിന് ലഭിച്ചതോടെയാണ് അന്വേഷണം നേരായ വഴിയിലേക്ക് നീങ്ങിയത്. ഈ കാലയളവില്‍ നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളെ പറ്റി അന്വേഷണ സംഘം വിവരം ശേഖരിച്ചു. തുടര്‍ന്നാണ് മുയിപ്പോത്ത് മുഹമ്മദ് ഹാജിയുടെ ബില്‍ഡിങ്ങില്‍ താമസിച്ച രണ്ടുപേരെ പറ്റി അന്വേഷണം നടത്തുകയും പ്രതികളാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തത്.
വളരെ രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച പോലീസ് പ്രതികള്‍ ബീഹാര്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണസംഘത്തിലെ നാലുപേര്‍ ബീഹാറിലേക്ക് തിരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തി പ്രതികളില്‍ ഒരാളെ കണ്ടെത്തിയത്. നേപ്പാള്‍ അതിര്‍ത്തിയിലെ ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയിലായിരുന്ന പ്രതിയെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബീഹാര്‍ പോലീസിന്റെയും ബിഎസ്എഫിന്റെയും സഹായത്തോടെ സാഹസികമായി പിടികൂടിയത്. എസ്ഐ സുധീര്‍ ബാബു, എഎസ്ഐ ലിനേഷ്, എസ്സിപിഒ സിഞ്ചുദാസ്, സിപിഒ ജയേഷ് എന്നിവര്‍ അടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രിയോടെ മേപ്പയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൊടും കുറ്റവാളികള്‍ ഉള്‍പ്പെടെ വസിക്കുന്ന ബിഹാറിലെ ദിഗല്‍ ബങ്ക് പ്രദേശത്തു നിന്നു സ്വന്തം ജീവന് പോലും പണയപ്പെടുത്തി പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിന്റെ ദൗത്യം കേരള പോലീസ് സേനക്ക് തന്നെ അഭിമാനിക്കാവുന്ന നേട്ടമായി. പ്രതിയെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
മേപ്പയ്യൂര്‍ ഇന്‍സ്പെക്ടര്‍ ഷൈജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ലത്തീഫ്, എഎസ്ഐ മുനീര്‍ ഇ.കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീഷ്.ടി, ഷാഫി എന്‍ എം, ലസിത്ത്, രതീഷ്, ലിനീഷ്, സൈബര്‍ സെല്‍ സിപിഒ വിജീഷ് എന്നിവരും ഉണ്ടായിരുന്നു. അന്വേഷണകാലത്ത് മരണപ്പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിനേഷും സംഘത്തിലുണ്ടായിരുന്നു.