തിരുവനന്തപുരം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും.
ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന് നവംബര്‍ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതല്‍ ഡിസംബര്‍ ഒന്ന് വരെ കരട് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നല്‍കാവുന്നതാണ്. ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടും രജിസ്റ്റേര്‍ഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നല്‍കാം.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കി ഡീലിമിറ്റേഷന്‍ കമ്മീഷന് നല്‍കാനുള്ള ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ക്കാണ്.
വാര്‍ഡുകള്‍ വര്‍ധിക്കും
സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23,612 ആകും. നിലവില്‍ 21,900 ആണ്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ചത്. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകള്‍ 3241 ആയും ആറ് കോര്‍പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും 941 പഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍ 17,337 ആയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2,267 ആയും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ധിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ആസ്ഥാനത്ത് ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമീഷന് യോഗത്തില്‍ ചെയര്മാന് എ ഷാജഹാന് അധ്യക്ഷനായി. കമീഷന് അംഗങ്ങളായ പൊതുമരാമത്ത്- വിനോദസഞ്ചാര സെക്രട്ടറി കെ ബിജു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി എസ് ഹരികിഷോര്‍, തൊഴില്‍ നൈപുണ്യ, ഗതാഗത സെക്രട്ടറി ഡോ. കെ വാസുകി, കമീഷന് സെക്രട്ടറി എസ് ജോസ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ https://www.lsgkerala.gov.in, https://www.sec.kerala.gov.in, https://www.prd.kerala.gov.in, https://www.kerala.gov.in വൈബ്സൈറ്റുകളില്‍ ലഭ്യമാണ്.