വടകര: കഥയും കവിതയും സിനിമയും ഗസലും നിറഞ്ഞങ്ങനെ വേറിട്ടൊരു വഴിയിലാണ് വടകര. ഒരു കൂട്ടം സാംസ്കാരിക പ്രവര്‍ത്തകരുടെ വേദിയായ സഫ്ദര്‍ ഹാഷ്മി നാട്യസംഘം നടത്തുന്ന വ ഫെസ്റ്റ് ഇന്നാടിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നു. 17 മുതല്‍ നിലക്കാത്ത പരിപാടികളാണ് മുനിസിപ്പല്‍ പാര്‍ക്കിലെ നഗരിയില്‍ നടന്നുവരുന്നത്. നഗരത്തിന്റെ പതിവ് തിരക്കുകളുടെയും ബഹളങ്ങളുടെയും ഇടയില്‍ നിന്ന് മാറി വായന. വാക്ക്. വര. എന്നിവയാല്‍ വടകരയെ സമ്പന്നമാക്കുകയാണ് വ ഫെസ്റ്റ്. വൈകുന്നേരങ്ങളില്‍ നേരമ്പോക്കിന് എത്തുന്ന പാര്‍ക്ക് പോലൊരു ഇടം ഗൗരവമേറിയ കലാ-സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ വേദിയാക്കുമ്പോള്‍ എല്ലാ തരക്കാരുടേയും കലാവിരുന്നായി വ ഫെസ്റ്റ് മാറുകയാണ്.
സഫ്ദര്‍ഹാഷ്മി നാട്യസംഘം മാതൃഭൂമിയുമായി ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ അനുബന്ധന പരിപാടികളായി കലാ-സാംസ്കാരിക വിരുന്നുകളാണ് ദിവസവും. കാണാനും കേള്‍ക്കാനും സംവദിക്കാനുമായി നിറഞ്ഞ സദസെന്ന പ്രത്യേകതയും വ ഫെസ്റ്റിനെ വേറിട്ടതാക്കുന്നു.
സാഹിത്യ സിനിമാ സംവാദങ്ങള്‍ കൊണ്ട് നിറഞ്ഞ വേദിയായി വ ഫെസ്റ്റ് മാറി. കവിത, കഥ, തിരക്കഥ ക്യാമ്പുകളിലായി നൂറോളം പേരാണ് രാവിലെ മുതല്‍ പങ്കാളികളായത്. ഓരോ സെഷനുകളും കേരളത്തിലെ സാഹിത്യ സിനിമാ മേഖലകളിലെ പ്രതിഭകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയം.
കവിത ക്യാമ്പിന് കവി വീരാന്‍ കുട്ടിയായിരുന്നു നേതൃത്വം നല്‍കിയത്. കവിതയുടേതു മാത്രമായ ഉത്തരവാദിത്തങ്ങള്‍ എന്ന വിഷയത്തില്‍ ഷീജ വക്കം, കവിതയില്‍ നിന്നെങ്ങിനെ പുറത്തു കടക്കാം എന്ന വിഷയത്തില്‍ പി.രാമന്, കവിത തിരുത്തുമ്പോള്‍ എന്ന വിഷയം കൈകാര്യം ചെയ്ത് ആദി എന്നിവര്‍ സംസാരിച്ചു. കവിതകള്‍ വായിക്കുന്നതെന്തിന് എന്ന വിഷയത്തില്‍ അന്‍വറലിയുടെ ഭാഷണം വ്യത്യസ്തമായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ കല്പറ്റ നാരായണന്, ആദി എന്നിവരെ വടകരക്കായി കെ.കെ.രമ എംഎല്‍എ ആദരിച്ചു. തുടര്‍ന്ന് സംഗീത ആല്‍ബങ്ങള്‍ക്കും മുന്‍പ് സിനിമാ ഗാനങ്ങളെക്കാള്‍ മലയാളി പ്രണയിച്ച മധുമഴ രാവ് വടകരയുടെ അഭിമാനങ്ങളായ ഇ.വി.വത്സനും പ്രേംകുമാര്‍ വടകരയും ചേര്‍ന്ന് നയിച്ചു. ഇരുവരെയും ഗായകന് വി.ടി മുരളി ആദരിച്ചു. കഥാ ക്യാമ്പില്‍ കഥ കൊണ്ടു കളിക്കുന്ന കക്കുകളി എന്ന വിഷയത്തില്‍ ഫ്രാന്‍സിസ് നൊറോണ, ആര്.രാജശ്രീ (കഥ പറയുമ്പോള്‍ എത്ര കത പറയാം), കഥകളുടെ ലേഡീസ് കൂപ്പെ എന്ന വിഷയത്തില്‍ ഷാഹിന കെ റഫീഖ്, കഥയുടെ നിറങ്ങള്‍ എന്ന വിഷയത്തില്‍ ഇ.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്ക്രിപ്റ്റ്, ക്യാമറ, ആക്ഷന്‍ എന്ന സെഷനില്‍ ഛായാഗ്രാഹകന്‍ വേണു, ഉണ്ണി ആര് എന്നിവര്‍ സദസുമായി സംവദിച്ചു. ലിജീഷ് കുമാര്‍ മോഡറേറ്ററായി. തുടര്‍ന്ന് വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് സിനിമയുടെ പ്രദര്‍ശനവും നടന്നു.
ഇന്ന് നടന്ന തിരക്കഥ ക്യാമ്പില്‍ ബിപിന്‍ ചന്ദ്രന്, വിനോയ് തോമസ്, പി.വി ഷാജികുമാര്‍, രാജേഷ് മാധവന്, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആര് എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. അഭിനയത്തിലെ ആയിഷക്കാലം എന്ന സെഷനില്‍ നിലമ്പൂര്‍ ആയിഷയെ ആദരിച്ചു. പ്രശസ്ത കഥാകാരന് ബെന്യാമിന് ആയിഷയെയും ആയിഷ സിനിമയുടെ സംവിധായകന് ആമിര്‍ പള്ളിക്കരെയെയും ആദരിച്ചു. തുടര്‍ന്ന് ആയിഷ സിനിമയുടെ പ്രദര്‍ശനവും നടന്നു.
നാളെ (ഞായര്‍) വൈകീട്ട് 6 മണിക്ക് ഇംതിയാസ് ബീഗത്തിന്റെ ഗസലോടെ ഫെസ്റ്റിന് തിരശീല വീഴും. അഞ്ചു മണിക്ക് മലയാളനോവലിലെ രണ്ട് വെള്ളിയാങ്കല്ലുകള്‍ എന്ന വിഷയത്തില്‍ എം.മുകുന്ദനും സുഭാഷ് ചന്ദ്രനും സംവദിക്കും. 34 പ്രസാധകരുടെ ആയിരക്കണക്കിന് പുസ്തകങ്ങളുമായി ആറു ദിവസത്തെ ഫെസ്റ്റ് വടകരയുടെ മണ്മറഞ്ഞ കലാകാരന്മാരെ അനുസ്മരിച്ചും പ്രശസ്ത കലാകാരന്മാരെ ആദരിച്ചുമാണ് കടന്നു പോകുന്നത്.