പേരാമ്പ്ര: കുഴല്‍പണം എത്തിക്കുന്നവരെ രഹസ്യമായി നിരീക്ഷിച്ച് സംഘം ചേര്‍ന്ന് ആക്രമിച്ചു പണം തട്ടുന്ന നാലംഗ
അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തെ പേരാമ്പ്ര പോലീസ് വലയിലാക്കി. പോണ്ടിച്ചേരി സ്വദേശികളായ വിനോദ് (21), മാരിയന്‍ (24), ശ്രീറാം (21), മാഹി സ്വദേശി ഷിജിന് (35) എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ ബൈക്കില്‍ സഞ്ചരിച്ച് കുഴല്‍പ്പണ വിതരണക്കാരെ മര്‍ദിച്ച് ഇവരുടെ പണം തട്ടുകയും വാഹനത്തില്‍ കയറ്റി പിന്നീട് അവരെ വഴിയില്‍ ഉപേക്ഷിച്ച് മുങ്ങുകയുമാണ് ചെയ്യാറ്. സപ്തംബര്‍ 10-ന് സമാന രീതിയില്‍ കടമേരി സ്വദേശി ജൈസല്‍ എന്നയാളെ ആക്രമിച്ച് ഏഴ് ലക്ഷം രൂപ കവര്‍ന്ന് പേരാമ്പ്ര വെള്ളിയൂരില്‍ ഉപേക്ഷിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യാജമായിരുന്നു. മൊബൈല്‍ ഫോണിനെ ആശ്രയിച്ച് നടത്തിയ അസൂത്രിത നീക്കത്തിലൂടെയാണ് മാഹിയിലെ ഒരു ലോഡ്ജില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
പേരാമ്പ്ര ഡിവൈഎസ്പി കെ.കെ.ലതീഷ്, ഇന്‍സ്പെക്ടര്‍ പി.ജംഷിദ് എന്നിവരുടെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ ഷമീര്‍, എസ്സിപിഒമാരായ സുനില്‍ കുമാര്‍ സി.എം, വിനീഷ്, സിപിഒ ശ്രീജിത്ത് വിസി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പേരാമ്പ്ര സ്ക്വാഡ് ഇതുപോലെ നിരവധി കേസുകളില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലത്ത് 5778 കിലോമീറ്റര്‍ സഞ്ചരിച്ച് ആസാം സ്വദേശിയായ പോക്സോ കേസ് പ്രതിയെ പിടികൂടിയത് ഇവരുടെ മറ്റൊരു അപൂര്‍വ നേട്ടമാണ്. പ്രതികളെ നാളെ (ഞായര്‍) കോടതിയില്‍ ഹാജരാക്കും