കോഴിക്കോട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ശുചിമുറി ഉപയോഗിച്ചശേഷവും ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകല്‍, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കല്‍ തുടങ്ങിയവ പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പ്രത്യേക സ്ക്വാഡുകളായി രോഗബാധിതരുടെ ഭവന സന്ദര്‍ശനം, ജലസ്രോതസ്സുകളുടെ സൂപ്പര്‍ ക്ലോറിനേഷന്, ബോധവല്‍ക്കരണ നോട്ടീസ് വിതരണം, മൈക്ക് പ്രചാരണം, പോസ്റ്റര്‍ പ്രചാരണം, നവമാധ്യമങ്ങളിലൂടെയുള്ള ബോധവല്‍ക്കരണം എന്നിവയും നടന്നുവരുന്നു.
സ്കൂള്‍ പിടിഎ യോഗത്തില്‍, കര്‍മ്മസേന (ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാര് എന്നിവര്‍ ചേര്‍ന്നത്) രൂപീകരിച്ച് വീട് കയറിയുള്ള ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചു. സ്കൂള്‍ ടീച്ചര്മാര് രോഗബാധിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി ദിവസവും ഫോണില്‍ ബന്ധപ്പെട്ട് രോഗപുരോഗതി ആരോഗ്യവകുപ്പിനെ നേരിട്ട് അറിയിക്കുന്നതിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തി. സ്ഥലത്ത് മെഡിക്കല്‍ ക്യാമ്പ്, രക്ത പരിശോധന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.
രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസ്സുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അടച്ചുപൂട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും ചെയ്തു വരുന്നു. മെഡിക്കല്‍ ഓഫീസര്‍മാരുടെ ജില്ലാതല അവലോകന യോഗത്തില്‍ നിലവിലുള്ള സ്ഥിതിഗതികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിശദമായി വിലയിരുത്തി. പ്രദേശത്ത് ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിനും മേല്‍നോട്ടത്തിലും ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്താന്‍ തീരുമാനിച്ചു.