പ്രത്യേക പ്രതിനിധി
ഖത്തര്‍: ലബനോണിലും സിറിയയിലും സജീവമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയായ ഹിസ്ബുള്ളയുടെ 3000 പേജറുകളാണ് ഏതാണ്ട് ഒരേ സമയം പൊട്ടിത്തെറിച്ചത്. ഉല്പാദന വേളയില്‍ തന്നെ പേജറുകളില്‍ സ്ഫോടക വസ്തു ഒളിപ്പിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരമൊരു ആസൂത്രിത ഇലക്ട്രോണിക്സ് ആക്രമണത്തിനു പിന്നില്‍ ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദ് ആണെന്നുമാണ് ആരോപണം.
ഹിസ്ബുള്ളയുടെ കൈവശമുള്ള അയ്യായിരം പേജറുകളില്‍ സ്ഫോടക വസ്തു തിരുകി കയറ്റിയെന്നും ഇതില്‍ പകുതിയിലേറെയും പൊട്ടിത്തെറിച്ചെന്നുമാണ് നിഗമനം. സ്ഫോടനത്തിനു പിന്നാലെ ആരും പേജര്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ഹിസ്ബുള്ള നല്കി.
ഈ വര്‍ഷം ആദ്യം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകളിലാണ് സ്ഫോടനം ഉണ്ടായത്. ലബനോണില്‍ എത്തുന്നതിന് മുമ്പ് അവയില്‍ കൃത്രിമം നടന്നിരുന്നുവെന്ന് വേണം കരുതാന്‍. അതായത് ഇവയുടെ ഉല്പാദന വേളയില്‍ തന്നെ മൊസാദ് ഏജന്റുമാര്‍ ബാറ്ററിക്ക് സമീപം സ്ഫോടക വസ്തു തിരുകിക്കയറ്റിയിരുന്നുവെന്നാണ് കണക്കാക്കുന്നത്. മൂന്ന് ഗ്രാം വരെ സ്ഫോടകവസ്തുക്കളാണ് ഓരോന്നിലും ഒളിപ്പിച്ചത്. കോഡ് സന്ദേശം ലഭിക്കുന്നതോടൊപ്പം സ്ഫോടനം നടക്കാന്‍ ശേഷിയുള്ള സൂക്ഷ്മമായ വസ്തുക്കളാണ് ഇതിനുപയോഗിച്ചത്. സ്കാനറോ മറ്റോ ഉപയോഗിച്ചാല്‍ പോലും ഇത് കണ്ടെത്തുന്നത് പ്രയാസകരമായിരുന്നു. കോഡ് ചെയ്ത സന്ദേശം അയച്ചപ്പോള്‍ 3,000 പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചതായും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഏകദേശം 10 സെക്കന്‍ഡ് നേരം പേജറുകള്‍ ബീപ്പ് ചെയ്തിരുന്നു. സാധാരണ മെസേജ് വരുമ്പോഴുള്ള ശബ്ദമാണിത്. മെസേജാണെന്ന് കരുതി വായിക്കാന്‍ മുഖത്തോട് ചേര്‍ത്തുപിടിച്ചപ്പോഴാണ് ഏവരേയും നടുക്കിയുള്ള സ്ഫോടനം. അതുകൊണ്ട് തന്നെ പലര്‍ക്കും കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്ഫോടനങ്ങളില്‍ ഒമ്പത് പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 2750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്.
ഹിസ്ബുള്ള പേജര്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
മൊബൈല്‍ ഫോണുകള്‍ വ്യാപകമാകുന്നതിന് മുമ്പ് സാധാരണയായി ഉപയോഗിച്ചിരുന്ന ചെറിയ ആശയവിനിമയ ഉപകരണങ്ങളാണ് പേജറുകള്‍.
സാധാരണ ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പേജറുകള്‍ നിരീക്ഷിക്കാന്‍ പ്രയാസമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ സാന്നിധ്യം മനസിലാക്കാന്‍ കഴിയുമെന്നതിനാലാണ് ആശയ വിനിമയത്തിന് പേജറുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്. വേഗതയും സുരക്ഷയും ഒരു പോലെ വേണ്ടതിനാല്‍ ഹിസ്ബുള്ള പോലുള്ള ഗ്രൂപ്പുകള്‍ ഇവയെ ആശ്രയമാക്കുന്നു.
ഇസ്രായേലിന്റെ നീക്കം മണത്തറിഞ്ഞ ഹിസ്ബുള്ള നേതാവ് ഹസന് നസ്റല്ല അംഗങ്ങളോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. അവരെ ഇസ്രായേലി സൈന്യം ട്രാക്കുചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതനുസരിച്ച് പേജറിലൂടെ ആശയവിനിമയം നടക്കുമ്പോഴാണ് അപ്രതീക്ഷിത പൊട്ടിത്തെറികള്‍ ഉണ്ടാവുന്നത്.