വടകര: മണിയൂര്‍ പയനുമ്മല്‍ സ്ഥാപിച്ച മൊബൈല്‍ ടവറിലേക്ക് സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ വൈദ്യുതി ലൈന്‍ വലിച്ചത് റദ്ദാക്കണമെന്ന എഡിഎമ്മിന്റെ ഉത്തരവ് മൂന്നുമാസമായിട്ടും നടപ്പായില്ലെന്ന് പരാതി. തെക്കെ തൂണൂറ നാരായണി, കിഴക്കേ ചാരുപറമ്പത്ത് ഷീബ എന്നിവരാണ് പ്രശ്നത്തില്‍ ഉത്തരവിട്ട എഡിഎമ്മിനെ വീണ്ടും സമീപിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ ജൂലായ് 25 വരെ സമയം നല്‍കിയിരുന്നെങ്കിലും ഈ സമയപരിധി കഴിഞ്ഞ് ഒന്നര മാസമായിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.
കഴിഞ്ഞവര്‍ഷം ജൂലായില്‍ എഡിഎമ്മിന്റെ ഉത്തരവുപ്രകാരമാണ് മൊബൈല്‍ ടവറിന് വൈദ്യുതി കണക്ഷന് നല്‍കിയത്. ഈ ഉത്തരവിനെതിരേ നാരായണിയും ഷീബയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാകക്ഷികളെയും കേട്ട് രണ്ടുമാസത്തിനകം പ്രശ്നം തീര്‍ക്കാന്‍ ഹൈക്കോടതി ഉത്തര വിടുകയുണ്ടായി. വിചാരണ നടത്തിയപ്പോഴാണ് തങ്ങളുടെ സ്ഥലത്തുകൂടിയാണ് ലൈന്‍ വലിച്ചതെന്നും ഇതിന് അനുമതി വാങ്ങിയിട്ടില്ലെന്നും പരാതിക്കാര്‍ അറിയിച്ചത്. നഷ്ടപരിഹാരം തന്നാല്‍ ലൈന്‍ വലിക്കാന്‍ അനുമതി നല്‍കാമെന്നും അറിയിച്ചു. അനുമതി വാങ്ങിയെന്നാണ് തങ്ങളുടെ ധാരണയെന്നായിരുന്നു കെഎസ്ഇബി നിലപാട്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്ന കമ്പനി നഷ്ടപരിഹാരം നല്കാന് സമ്മതമല്ലെന്നും അറിയിച്ചു. പരാതിക്കാരുടെ സ്ഥലം വഴിയാണ് ലൈന്‍ കടന്നുപോകുന്നതെന്ന വിവരം മറച്ചുവെച്ചാണ് കമ്പനി വൈദ്യുതി കണക്ഷനുള്ള അനുമതി തേടിയതെന്നും അതിനാല്‍ കണക്ഷന് നല്കിയ ഉത്തരവ് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും എഡിഎം ഉത്തരവില്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കണക്ഷന് നല്കിയ ഉത്തരവ് റദ്ദാക്കിയത്.
ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാണിച്ചാണ് പരാതിക്കാര്‍ വീണ്ടും എഡിഎമ്മിന് നിവേദനം നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.