തിരുവനന്തപുരം: പാലക്കാട് ചുരത്തില്‍ കണ്ടെത്തിയ കുടകപ്പാലയിനത്തിലെ പുതിയ സസ്യത്തിന്കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേര്. ആറു പതിറ്റാണ്ടു പിന്നിട്ട പരിഷത്തിന്റെ പ്രവര്ത്തനങ്ങളോടുള്ളആദരമായി ഹോളറീന പരിഷദി (Holarrhena parishadii) എന്നാണ് സസ്യത്തിന് പേര് നല്‍കിയത്. പരിഷത്തിന്റെ കുടകപ്പാല എന്നാണ് ഇതിന്റെ അര്‍ഥം.
ഹൊളറാന ഗ്രൂപ്പിലെ ഇന്ത്യയില്‍ കാണപ്പെടുന്ന രണ്ടാമത്തെ സസ്യത്തെ നാട്ടുകല്ലില്നിന്നാണു കണ്ടെത്തിയത്. അപ്പോസൈനേസിയെ കുടുംബത്തില്‍പ്പെടുന്നതാണ് ഈ സസ്യം. ഇവ സിരാവിന്യാസം, ബ്രാക്ടുകള്‍, വിദളങ്ങള്‍, ദളങ്ങള്‍, ഫലത്തിന്റെയും വിത്തിന്റെയും പ്രത്യേകതകള്‍ എന്നിവയില്‍ മറ്റു നാല് ഇനം കുടകപ്പാലകളില്നിന്നും വ്യത്യസ്തമാണ്.
‘കേരളത്തെ ഇന്നത്തെ കേരളം ആക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് ഒരു സസ്യശാസ്ത്രവിദ്യാര്ഥിക്കു നല്കാന് കഴിയുന്ന ഏറ്റവും വലിയ ആദരം, ഒരു പുതിയ സസ്യത്തിന് പരിഷത്തിന്റെ പേരു നല്‍കുകയാണ്.” കണ്ടെത്തലിനു നേതൃത്വം നല്കിയ പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ അധ്യാപകന് ഡോ. സുരേഷ് വി. പറയുന്നു.
അവിടത്തെതന്നെ അധ്യാപകന് ഡോ. സോജന് ജോസ്,ഗവേഷണവിദ്യാര്‍ഥിനി അംബിക.വി.എന്നിവര്‍ ഉള്‍പ്പെട്ട ഗവേഷണ സംഘമാണ് കണ്ടെത്തലിനു പിന്നില്‍. ന്യൂസിലാന്ഡില്നിന്നു പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രജേണലായ ഫൈറ്റോടാക്സയിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.