കോഴിക്കോട്: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത കെഎസ്ആര്‍ടിസിക്കായുള്ള ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള നടപടികള്‍ക്ക് തുടക്കമായി. ഇത് സംബന്ധിച്ച് യോഗം ചേര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് ബസുകളും സ്റ്റാന്‍ഡുകളും മറ്റും മാലിന്യമുക്തമാക്കുന്നതിന്റെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്തു.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളും പരിസരവും മാലിന്യമുക്തമാക്കുന്നതോടൊപ്പം ഓടുന്ന ബസില്‍ നിന്ന് മാലിന്യം വലിച്ചെറിയാതിരിക്കല്‍, സ്റ്റാന്‍ഡുകളില്‍ നിര്‍ത്തിയിടുന്ന ബസില്‍ നിന്ന് അടിച്ചുവാരി മാലിന്യങ്ങള്‍ സ്റ്റാന്‍ഡില്‍ അലക്ഷ്യമായി ഇടാതിരിക്കല്‍, സ്റ്റാന്‍ഡ് മാലിന്യമുക്തമാക്കി സൗന്ദര്യ വല്‍ക്കരിക്കല്‍, ഓഫീസിലും സ്റ്റാന്‍ഡുകളിലും ഹരിതചട്ടം പാലിക്കല്‍, ശൗചാലയങ്ങള്‍ നവീകരിക്കല്‍, സ്റ്റാന്‍ഡിലെ പൊതു മാലിന്യപ്രശ്നം പരിഹരിക്കല്‍ എന്നിങ്ങനെ വിവിധ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ആണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്.
യോഗത്തില്‍ കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി എം എ നാസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ എസ് റഫീഖ്, കോഴിക്കോട്, താമരശ്ശേരി, തൊട്ടില്‍പ്പാലം, വടകര, തിരുവമ്പാടി ഡിപ്പോകളിലെ യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി ഇ രഞ്ജിത്ത്, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്, മാലിന്യ മുക്ത നവകേരളം കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്, സരിത് എന്നിവര്‍ പങ്കെടുത്തു.