അഴിയൂര്‍: പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ തീരദേശത്ത് മഹിമ കുടുംബശ്രീ നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി വിളവ്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെ പൂഴിമണലില്‍ ചെണ്ടുമല്ലികൃഷി ചെയ്തത്. പഞ്ചായത്ത് ഭരണസമിതി, അഴിയൂര്‍ പഞ്ചായത്ത് കൃഷിഭവന്, കുടുംബശ്രീ സിഡിഎസ്, വനിത കോ-ഓപ്പറേറ്റീവ് ബേങ്ക് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് മഹിമ കുടുംബശ്രീ അംഗങ്ങളായ സുശീല നാലകത്ത്, ചന്ദ്രി പുത്തന്‍വളപ്പില്‍, ലീല എന്‍കെ എന്നിവര്‍ കൂട്ടായി ചെണ്ടുമല്ലി കൃഷി ചെയ്തത്.
കൃഷിയുടെ വിളവെടുപ്പ് ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ അധ്യക്ഷത വഹിച്ചു. കൃഷി ചെയ്ത് നൂറ്മേനി വിളവെടുപ്പിന് പ്രയത്നിച്ച കുടുംബശ്രീ അംഗങ്ങളെ കൃഷി ഓഫീസര്‍ പി എസ് സ്വരൂപ് പൊന്നാട അണിയിച്ച് ആദരിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജയ്സണ്‍, കൃഷി അസിസ്റ്റന്റ് ദീപേഷ്, സിഡിഎസ് മെമ്പര്‍ അശ്വതി പി വി, രാജന്, സുരേന്ദ്രന് തോട്ടുമുഖത്ത്, രവീന്ദ്രന് എന്‍കെ, ഉദയകുമാര്‍ തൊട്ടുമുഖത്ത് എന്നിവര്‍ പങ്കെടുത്തു.