മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊലയില്‍ മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. രണ്ടാം തവണയാണ് സിബിഐ സംഘം സുജിത്ത് ദാസിനെ വിളിച്ചു വരുത്തുന്നത്. പി.വി.അന്‍വറുമായി നടത്തിയ സംഭാഷണത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ചോദ്യം ചെയ്തത്. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂര്‍ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്. പി.വി.അന്‍വര്‍ ശബ്ദരേഖ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സുജിത്ത് ദാസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.