തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം
സ്നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴിഞ്ഞ നേതാവായിരുന്നു വിടപറഞ്ഞ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വിദ്യാർത്ഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി ആ കാലം മുതൽ തന്നെ രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവർത്തകനായി മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളിൽ ഉന്നതനിരയിൽ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും സമാനതകളില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി പറഞ്ഞു. എല്ലാ മേഖലകളിലും നല്ല ബന്ധം പുലർത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം സ്നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴിഞ്ഞ നേതാവ് കൂടിയായിരുന്നു യെച്ചൂരി. പാർട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് സീതാറാം യെച്ചൂരിയുടെ വേർപാട്. പെട്ടെന്ന് നികത്താവുന്ന ഒന്നല്ല അത്. അങ്ങേയറ്റം ഹൃദയഭാരത്തോടെ
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അനുസ്മരിച്ചു.

