വടകര: കേരളീയ സാമൂഹിക ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ സംഭാവന നല്കിയ കലാ-സാംസ്കാരിക സംഘമാണ് കെപിഎസി എന്ന് പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദന് അഭിപ്രായപ്പെട്ടു. കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വടകര ടൗണ്‍ ഹാളില്‍ ‘കേരളത്തിന്റെ സാംസ്കാരിക നവോഥാനവും കെപിഎസിയും’ എന്ന വിഷയത്തെ കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

എം.മുകുന്ദന്.പ്രബുദ്ധതയുടെ കാലമായിരുന്നു കെപിഎസി നാടകകാലം. ഇടക്കാലത്ത് കെപിഎസി ഒന്ന്മങ്ങിപ്പോയിട്ടുണ്ടെങ്കിലും അത് പകര്‍ന്നു നല്കിയ ഊര്‍ജം വേറിട്ടതായിരുന്നു. കേരളത്തില്‍ ആദ്യമായി ഇടതുപക്ഷം അധികാരത്തില്‍ വരാന്‍ വഴിയൊരുക്കിയത് കെപിഎസിയിലേതടക്കമുള്ള കലാകാരന്മാരുടെ ഇടപെടല്‍ കൊണ്ടുകൂടിയാണ്. നാടകവും ഗാനങ്ങളും സമൂഹത്തെ ഇളക്കിമറിക്കാന്‍ വഴിയൊരുക്കി. കെപിഎസി എന്നും നിലനില്‍ക്കേണ്ടത് കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അനിവാര്യമായ ഘടകമാണ്. ജന്മിയുടെ സ്ഥാനത്ത് ഇന്ന് നവമുതലാളിമാരാണ് ഉള്ളതെന്നും അവരെയും കമ്യൂണിസ്റ്റ്കാരാക്കുകയാണ് നമ്മുടെ കടമയെന്നും എം.മുകുന്ദന് പറഞ്ഞു. വഴിയോരങ്ങളില്‍ മാത്രമല്ല കലാസാഹിത്യത്തിലും മനസിലും മാലിന്യം

അടിഞ്ഞുകൂടിയിരിക്കുന്നു. ഇത് നീക്കേണ്ടതുണ്ട്. സംഘാടകസമിതി ചെയര്മാന് പി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബൈജുചന്ദ്രന്, ഇ.പി.രാജഗോപാലന്‍, കെ.വി.സജയ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.പി.കെ.സബിത്ത് സ്വാഗതവും കെ.പി.രമേശന് നന്ദിയും പറഞ്ഞു.
നാടക കലാകാരന്മാര്ക്കുള്ള ആദരം, തോപ്പില്‍ഭാസി അനുസ്മരണം, കെപിഎസി ഗാനമാലിക എന്നിവയും നടന്നു. രാത്രി കെപിഎസിയുടെ ഏറ്റവും പുതിയ നാടകമായ ഉമ്മാച്ചു അരങ്ങേറും. നാടക അവതരണത്തിന്റെ ഉദ്ഘാടനം ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.