വടകര: പായസത്തില്‍ പ്രഥമനാണ് മുന്നില്‍. ഓണക്കാലമായാല്‍ പ്രഥമന്‍ തയ്യാറാക്കാത്ത വീടുകള്‍ പൊതുവെ കുറവായിരിക്കും. പ്രഥമന്റെ രുചിയും സ്വാദും ഒന്നു വേറെ തന്നെയാണ്. ഒത്ത പാകമായ പ്രഥമന്‍ കുടിച്ചാലുണ്ടാകുന്ന രസം പറഞ്ഞറിയിക്കാനാവില്ല.
ഏറെ സമയമെടുത്താണ് പ്രഥമന്‍ തയ്യാറാക്കുക. അതിന്റെ കൂട്ട്. ചേരുവകള്‍. ഒന്നിന് പിറകെ ഒന്നായി വേണ്ട ഇനങ്ങളൊക്കെ ചേരുമ്പോള്‍ സ്വാദൂറും പ്രഥമന്‍ റെഡി.
ആര്‍ക്കും അങ്ങനെയങ്ങ് നല്ല പ്രഥമന്‍ ഉണ്ടാക്കാന്‍ പറ്റണമെന്നില്ല. കസ്റ്റംസ്റോഡ് തീരം കലകായിക വേദിക്ക് വേണ്ടി എ.കെ.സചീന്ദ്രന്‍ തയ്യാറാക്കിയ പ്രഥമന്‍ സ്വാദിന്റെ കാര്യത്തില്‍ സൂപ്പറെന്നാണ് കഴിച്ചവരുടെ പ്രതികരണം. ഒരു ഗ്ലാസ് കുടിച്ചവര്‍ക്ക് വീണ്ടും കഴിക്കാന്‍ കൊതി.
അട പ്രഥമന്‍, പാലട പ്രഥമന്‍, പഴം പ്രഥമന്‍ അങ്ങനെ പായസം പലതുണ്ടെങ്കിലും സചീന്ദ്രന്‍ തയ്യാറാക്കിയത് ചെറുപയര്‍ പ്രഥമനാണ്. ചെറുപയര്‍ പരിപ്പ് വേവിച്ച ശേഷം അതിലേക്ക് വെല്ലം ഉരുക്കി ഒഴിക്കുകയാണ് ചെയ്യുക. പിന്നീട് തേങ്ങാപാല്‍ ചേര്‍ത്ത് ഇളക്കി പാകമാക്കും. നല്ലതു പോലെ ഇളക്കി പരുവപ്പെടുത്തിയാല്‍ നെയ്യ് ഒഴിക്കും. ശേഷം ഏലക്കായി പൊടിച്ചിടും. അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാകഷ്ണം എന്നിവ കൂടി പാകപ്പെടുത്തി ഇടുന്നതോടെ പ്രഥമന്‍ റെഡി. ഇടക്കിടെ വേവ് നോക്കിയും സ്വാദ് നോക്കിയും ചേരുവ ചേര്‍ത്ത് പ്രഥമന്‍ ഗംഭീരമാക്കുന്നു.
പാകമായ ശേഷം തീരം അംഗങ്ങള്‍ക്കും കുടുംബത്തിനും പ്രഥമന്‍ വിതരണം ചെയ്തു. കുടിച്ചവരൊക്കെ പ്രഥമനും സചീന്ദ്രനും നല്‍കിയത് വലിയ ലൈക്ക്. സി.എച്ച്.ജിനീഷ്കുമാര്‍, മുഹമ്മദ് ഷഫീഖ്, ഹസീബ് എന്നിവരായിരുന്നു പ്രഥമന്‍ തയ്യാറാക്കാന്‍ സചീന്ദ്രന്‍ സഹായികളായി നിന്നത്.