കൊയിലാണ്ടി: നേപ്പാളിലും താരമായിരിക്കുകയാണ് കൊയിലാണ്ടി പന്തലായനിയിലെ നാരായണന് നായര്‍. നേപ്പാളിലെ പൊഖാറയില്‍ നടന്ന അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 100 മീറ്റര്‍ ബേക്ക് സ്ട്രോക്ക്, 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ മല്‍സരങ്ങളില്‍ പന്തലായിനി ശ്രീരഞ്ജിനിയില്‍ കെ.നാരായണന് നായര്‍ക്കാണ് ഗോള്‍ഡ് മെഡല്‍. നേപ്പാളില്‍ നടന്ന അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ എഴുപത് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് നാരായണന് നായര്‍ സമ്മാനാര്‍ഹനായത്.
സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മത്സരങ്ങളില്‍ നാരായണന് നായര്‍ സമ്മാനം നേടിയിട്ടുണ്ട്. മലബാര്‍ റിവല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടിയില്‍ നടന്ന സംസ്ഥാനതല മത്സരത്തിലും മെഡല്‍ നേടി. ഗോവയില്‍ നടന്ന ദേശീയ മത്സരത്തില്‍ നൂറ് മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ സ്വര്‍ണവും 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയില്‍ വെള്ളിയും നേടി. കുട്ടിക്കാലം മുതലേ നീന്തി തുടങ്ങിയ നാരായണന് നായര്‍ അടുത്ത കാലത്താണ് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്.
പന്തലായനിയിലെ അഘോര ശിവക്ഷേത്ര കുളത്തിലായിരുന്നു നീന്തലിന്റെ തുടക്കം. ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിലെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത നാരായണന് നായര്‍ ഏറ്റവും കൂടുതല്‍ ദൂരം കുറഞ്ഞ സമയം കൊണ്ട് നീന്തി കയറിയത് പെരിയാറിലാണ്. ഈ വര്‍ഷം ഏപ്രിലില്‍ പെരിയാറില്‍ രണ്ട് കിലോമീറ്റര്‍ നീന്തി ഫിനിഷ് ചെയ്തത് ഒരു മണിക്കൂറും ഇരുപത് മിനുറ്റും 39 സെക്കന്റും കൊണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ ആയിരുന്നു സമയ പരിധി. എല്ലാ പ്രായക്കാരും ഒരുപോലെ പങ്കെടുത്ത ഈ നീന്തലില്‍ യുവാക്കള്‍ക്ക് വരെ വെല്ലുവിളി ഉയര്‍ത്തിയായിരുന്നു നാരായണന് നായരുടെ പ്രകടനം. മുബൈയില്‍ കടലില്‍ ആറ് കിലോമീറ്റര്‍ നീന്തലില്‍ പങ്കെടുക്കലാണ് അടുത്ത ലക്ഷ്യമെന്ന് നാരായണന് നായര്‍ പറഞ്ഞു. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപം ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് ഈ നീന്തല്‍ താരം. നിരവധി വിദ്യാര്‍ഥികളെ ഇദ്ദേഹം നീന്തല്‍ പരിശീലിപ്പിക്കുന്നുണ്ട്.
-സുധീര്‍ കൊരയങ്ങാട്