തൃശൂർ: ഗുരുവായൂരിൽ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം. 351 കല്യാണങ്ങളാണ് ഇന്ന് നടക്കുന്നത്. റെക്കോർഡ് കല്യാണത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 6 മണ്ഡപങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലുമണി മുതൽ കല്യാണങ്ങൾ നടത്തും. ടോക്കൺ കൊടുത്താകും വധൂ വരന്മാരെ മണ്ഡപത്തിൽ കയറ്റുക. ദേവസ്വം സെക്യൂരിറ്റി ജീവനക്കാർക്ക് ഒപ്പം കൂടുതൽ

പൊലീസിനെ നിയോഗിക്കാനും തീരുമാനമുണ്ട്. റെക്കോർഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഉണ്ടാകില്ല എന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ചിങ്ങമാസത്തിലെ ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങൾ തീരുമാനിച്ചത്. മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ക്ഷേത്രത്തിൽ 150 ഓളം പൊലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾ നടക്കുന്നത്.