കോഴിക്കോട്: സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വരണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ: പി. സതീദേവി ആവശ്യപ്പെട്ടു. കേരള വനിതാ കമ്മീഷന് കോഴിക്കോട് പുതിയറയില്‍ സംഘടിപ്പിച്ച ‘കേരളത്തിലെ കെട്ടിട നിര്‍മാണ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍’ എന്ന വിഷയത്തിലെ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.എല്ലാ തൊഴിലാളി യൂണിയനുകളിലും

സ്ത്രീക്കും പുരുഷനും ഒരേ അംഗത്വം തന്നെയാണ് ഉള്ളത്. എന്നാല്‍ നിര്‍മാണ മേഖലയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലി നല്‍കുന്നതിനെ എതിര്‍ത്ത് മുന്നോട്ടുവരുന്ന ഒരു സംഘടനയെയും കണ്ടിട്ടില്ല. ഈ സാഹചര്യം മാറണം. അതിനായി രാഷ്ട്രീയ ഭേദമന്യേ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ ആവശ്യപ്പെട്ടു.
കായികമായി വളരെയേറെ അധ്വാനം ആവശ്യമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും നിര്‍മാണ മേഖലയില്‍ തുല്യവേതനം ലഭ്യമാകുന്നില്ല എന്ന കാര്യം തൊഴിലാളി സംഘടനകള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പ്രതിഫലത്തിലുള്ള അന്തരം കുറയ്ക്കാനും സ്ത്രീയുടെ അധ്വാനത്തിന് അര്‍ഹമായ പ്രതിഫലം ഉറപ്പുവരുത്തുന്നതിനുള്ള സാഹചര്യം ഒരുക്കാനും തൊഴിലാളി സംഘടനകള്‍ മുന്നോട്ടു വരേണ്ടതുണ്ടെന്നും പി. സതീദേവി പറഞ്ഞു.
കോഴിക്കോട് പുതിയറ എസ് കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പബ്ലിക്

ഹിയറിങ്ങില്‍ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.കെ. സുമയ അധ്യക്ഷയായി. വനിതാ കമ്മീഷന് പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, സി. ദിനി, വനിതാ കമ്മീഷന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് വനിത കമ്മീഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന നേതൃത്വം നല്കി. പബ്ലിക് ഹിയറിങ്ങില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ വനിതാ കമ്മീഷന് റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.