വടകര: കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ വടകര ടൗണ്‍ ഹാളില്‍ നടത്തിവന്ന അഞ്ച് ദിവസത്തെ ബോധവല്‍ക്കരണ- പ്രദര്‍ശന പരിപാടികള്‍ സമാപിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ശുചിത്വ ഭാരതം, നശാ മുക്ത് ഭാരത് അഭിയാന്, ഭാരതീയ ന്യായ് സംഹിത, പോഷന്‍ മാഹ് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ സ്ത്രീകള്‍ക്കായുള്ള നിയമ പരിരക്ഷകള്‍, ജീവിത ശൈലീ രോഗങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. പോഷക മാസാചരണത്തിന്റെ

ഭാഗമായി അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി പോഷകാഹാര പാചക മത്സരവും സംഘടിപ്പിച്ചു.നാഷണല്‍ ആയുഷ് മിഷന്, നാഷണല്‍ ഹെല്‍ത്ത് മിഷന് എന്നിവയുടെ നേതൃത്വത്തില്‍ ആരോഗ്യ പരിശോധനയും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടന്നു. തപാല്‍ വകുപ്പ് ആധാര്‍ സേവനങ്ങള്‍ക്കായി പ്രത്യേക സ്റ്റാള്‍ ഒരുക്കിയിരുന്നു. കാര്‍ഗില്‍ വിജയത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചിത്ര പ്രദര്‍ശനവും ഇന്ത്യാ വിഭജനത്തെക്കുറിച്ച് നടന്ന ചിത്ര പ്രദര്‍ശനവും ജനശ്രദ്ധയാകര്‍ഷിച്ചു. ഒപ്പം ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക ചിത്ര പ്രദര്‍ശനവും

ഉണ്ടായിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്റ്റാളുകള്‍ ഒരുക്കി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കീഴിലുള്ള കലാസമിതികളും ഐസിഡിഎസ് പ്രവര്‍ത്തകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഐസിഡിഎസ് പ്രോജക്ടുകളായ വടകര, വടകര അര്‍ബന്‍, തോടന്നൂര്‍ എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ- പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് സര്‍വ്വകലാശാല എന്‍.എസ്.എസ്. വിഭാഗവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സഹകരിക്കുകയുണ്ടായി.