വടകര: മുയിപ്പോത്ത് സ്വദേശി വിലങ്ങിൽ സലാം മാഷിന് വിശ്രമമില്ല. പഠിച്ചും പഠിപ്പിച്ചും തൻ്റെ ദൗത്യത്തിൽ മുന്നേറുകയാണദ്ദേഹം. പൂർവ്വാധികം ആവേശത്തോടെ
പുതിയ നിയോഗങ്ങൾ ഏറ്റെടുത്ത് നാട്ടിലും വിദേശത്തും സേവന നിരതനാണ് സലാം മാഷ് .

അധ്യാപനത്തോടൊപ്പം ഗവേഷകൻ, പരിശീലകൻ, കൺസൽട്ടന്റ് സൈക്കോളജിസ്റ്
തുടങ്ങിയ മേഖലകളിലെല്ലാം സലാം മാഷ് ഇന്ന് ശ്രദ്ധേയനാണ്. 1982 ജൂലൈ 26 ന് മുയിപ്പോത്ത് എം യു പി സ്കൂളിൽ പ്രൈമറി അധ്യാപകനായാണ് സലാം മാസ്റ്റർ ഔദ്യോഗിക ജീവിതമാരംഭിച്ചത്.തുടർന്ന് വടകര എം യു എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്ക്കൂൾ അസിസ്റ്റൻറായി സേവനമനുഷ്ഠിക്കവെ മേപ്പയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്ക്കൂൾ അസിസ്റ്റൻ്റായി പി എസ് സി നിയമനം ലഭിച്ചു.

സ്കൗട്ട് അധ്യാപകൻ എന്ന നിലയിൽ പ്രാഗൽഭ്യം തെളിയിച്ച സലാം മാഷ് 1995 ൽ പ്രൈംമിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ പങ്കെടുത്ത് പ്രത്യക മെരിറ്റ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. നിരവധി കുട്ടികൾക്ക് രാഷ്ട്രപതി സ്കൗട്ട് ബാഡ്ജ് നേടിക്കൊടുത്ത
സലാം മാഷ് , സ്കൗട്ടിങ്ങിൽ ഒരു യൂനിറ്റ് ലീഡർ എന്ന നിലയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്ക്കാരമായ ഹിമാലയ വുഡ് ബാഡ്ജ് കരസ്ഥമാക്കി. ഇതിനിടെ ഖത്തറിലെത്തിയ സലാം മാസ്റ്റർ എം ഇ എസ് ഇന്ത്യൻ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ മലയാളം അധ്യാപകനായാണ് ചുമതലയേറ്റത്. പ്രവാസി കുടുംബങ്ങളിലെ മലയാളികൾക്ക് മലയാളം പഠിക്കുന്നതിൽ വിമുഖത മാറ്റിയെടുക്കുന്നതിൽ മാഷ് ശ്രമകരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.അതിന്റെ ഫലമായി രണ്ടാം ഭാഷയെന്ന നിലയിൽ മലയാളത്തിന് പ്രാധാന്യം കൈവന്നു. ദോഹയിലെ റേഡിയോ പ്രോഗ്രാമുകളിൽ സലാം മാഷ് നടത്തിയ പ്രഭാഷണങ്ങൾ

മലയാളികളുടെ മക്കളുടെ വിദ്യാഭ്യാസ മാർഗ്ഗദർശനത്തിന് ഏറെ സഹായകമായി.
കുട്ടികളുടെ ഖുർആൻ പഠനത്തിന് ഖത്തർ ഇസ്ലാഹീസെൻറർ ആവിഷ്കരിച്ച ‘ബാലവെളിച്ചം’ പദ്ധതിയ്ക്ക് ആക്കാദമിക പിന്തുണ നൽകിയത് സലാം മാഷായിരുന്നു.
ഇന്ത്യൻ സ്കൂളിൽ ഒരുമലയാളം അധ്യാപകനായിരിക്കെ തന്നെ നഴ്സറി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ഏതു വിഷയവും ഏറ്റവും ഫലപ്രദമായി പഠിപ്പിക്കുന്ന ട്യൂഷൻ ടീച്ചർ കൂടിയായിരുന്നു സലാം മാഷ് . ബ്രിട്ടീഷ് അമേരിക്കൻ കരിക്കുലത്തിൽ പഠിക്കുന്ന അറബ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വലിയ ഒരു ശിഷ്യ ഗണം സലാം മാസ്റ്റർക്ക് ഖത്തറിലുണ്ട്.
2016 ൽ ഖത്തർ എം ഇ എസ് ഇന്ത്യൻ സ്കൂളിൽ നിന്നും തിരികെയെത്തി. ബേപ്പൂർ ഗവ. ഹയർ സെക്കൻററി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീടുള്ള ഒരു വർഷക്കാലം കോഴിക്കോട്
എൻ ജി ഒ ക്വാർട്ടേർസ് ഗവ. ഹൈസ്ക്കൂളിൽ ആയിരുന്നു. എസ്.എസ് എൽ സി റിസൾട്ടിൽ ജില്ലയിലെ ഏറ്റവും പിറകിലുള്ള സ്കൂളായിരുന്നു അത്. ജുവനൈൽ ഹോമിലെ കുട്ടികളെ പാസ്സാക്കിയെടുക്കുക എന്ന ദൗത്യം ഹെഡ്മാസ്റ്റർ ഏൽപ്പിച്ചപ്പോൾ സന്തോഷപൂർവ്വം സലാം

മാസ്റ്റർ ഏറ്റെടുത്തു. വിരമിക്കുന്ന വർഷം സീനിയോറിറ്റി ലിസ്റ്റ് ശരിപ്പെടുത്തി ഒരു പ്രൊമോഷൻ തരപ്പെടുത്തുന്നതിനേക്കാൾ പ്രധാനം ജുവനൈൽ ഹോമിലെ കുട്ടികളുടെ വിജയമാണെന്ന് മനസ്സ് മന്ത്രിച്ചതായി സലാം മാസ്റ്റർ പറയുന്നു. ആ വർഷത്തെ റിസൾട്ട് ഏറെ സന്തോഷകരമായിരുന്നു.പാർശ്വവൽക്കരിക്കപ്പെട്ട ജുവനൈൽ ഹോമിലെ കുട്ടികളെ മുഴുവൻ വിജയിപ്പിക്കാൻ സാധിച്ചു. സർവ്വീസിൽ നിന്ന് പിരിയുന്ന വർഷമായിരുന്നു ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്.ഔദ്യോഗികമായി വിരമിച്ചതോടെ
മാഷ് വീണ്ടും പഠിക്കാനിറങ്ങി. കോഴിക്കോട് ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കൗൺസലിങ്ങ് സൈക്കോളജിയിൽ ഡിപ്ലോമയെടുത്തു. തുടർന്ന് സൈക്കോളജിയിൽ എം എസ് സി ബിരുദം നേടി.സിജിയിൽ നിന്നും കരിയർ ഗൈഡൻസ് ഏൻറ് കൗൺസലിങ്ങിൽ ഒരു ഡിപ്ലോമയും കരസ്ഥമാക്കി. വീണ്ടും ഖത്തറിൽ തിരിച്ച മാഷ് മൊണാർക്ക് ഇൻറർനാഷണൽ സ്ക്കൂളിൽ അധ്യാപകനായും കൗൺസലറായും സേവനം ചെയ്തു.
ഇതിനിടെ നാലു വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ മനശ്ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. കുട്ടികളുടെ വൈകാരിക ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഇപ്പോൾ കൺസൽട്ടൻറ് സൈക്കോളജിസ്റ്റാണ്. ഗൈഡൻസ്, കൗൺസലിങ്ങ്, സൈക്കോമെട്രിക്ക് ടെസ്റ്റുകൾ, ട്രെയിനിങ്ങ് മേഖലകൾ കീഴടക്കി മുന്നേറുകയാണ്. സിജിയുടെ കോർ റിസോഴ്സ് ഗ്രൂപ്പിൽ ഖത്തറിലും നാട്ടിലും സജീവമാണ്. നാട്ടിലും വിദേശത്തുമായി വിദ്യാഭ്യാസ- സേവന മേഖലയിൽ തൻ്റെതായ അടയാളപ്പെടുത്തലുമായി സലാം മാഷ് സജീവമാണ്. പെന്മേരി എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായ സക്കീനയാണ് ഭാര്യ. ഡോ:നബ്ല നിലോഫർ, ഡോ: നീമ നിലോഫർ, നിയ നിലോഫർ എന്നിവർ മക്കളാണ്.
ഇസ്മായിൽ മാടാശ്ശേരി