തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍. ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയായി മുഖ്യമന്ത്രിക്ക് എഴുതിനല്‍കി. പോരാട്ടത്തിന് ഇറങ്ങിയത് സഖാവെന്ന നിലയിലാണെന്നും തന്റെ പിന്നില്‍ സര്‍വ്വ ശക്തനായ ദൈവം മാത്രമാണെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
‘മുഖ്യമന്ത്രിയെ കണ്ട് വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എല്ലാ കാര്യങ്ങള്‍ എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാര്‍ട്ടി സെക്രട്ടറിക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കും. ഒരു സഖാവെന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കും. എല്ലാ കാര്യങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. അജിത് കുമാറിനെ മാറ്റുക എന്നത് എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ. ആര് മാറണം എന്ന് എനിക്ക് പറയാന്‍ പറ്റില്ല’- അന്‍വര്‍ വ്യക്തമാക്കി. കേരള പൊലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം പാർട്ടിക്കും സർക്കാറിനും നിരവധി പ്രതിസന്ധികൾ ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് എടുക്കേണ്ട നിലപാടും പ്രവർത്തന രീതിയുമല്ല പല ഉദ്യോഗസ്ഥരിൽ നിന്നും ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. പൊലീസിലെ പുഴുക്കുത്തുകളും അഴിമതിയും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഒരു കമ്യൂണിസ്റ്റ് സർക്കാറിന് അറിയാം ജനങ്ങളുടെ വികാരമെന്നും പി.വി. അൻവർ മാധ്യമങ്ങളോട്
പറഞ്ഞു.