വടകര: കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും വടകരയില്‍ അഞ്ചുദിവസത്തെ ബോധവല്കരണ-പ്രദര്‍ശന പരിപാടി സംഘടിപ്പിക്കുന്നു. ടൗണ്‍ഹാളില്‍ രണ്ടാം തിയ്യതി തിങ്കളാഴ്ച രാവിലെ 10.30ന് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ അധ്യക്ഷത വഹിക്കും.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ വയനാട്, കണ്ണൂര്‍ ഫീല്‍ഡ് ഓഫീസുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ സ്ത്രീകള്‍ക്കായുള്ള നിയമ പരിരക്ഷ, ആരോഗ്യം, പോഷാകാഹാരം തുടങ്ങിയ വിഷയങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ നട ക്കും. അഞ്ച് ദിവസവും നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കും. കൂടാതെ തപാല്‍ വകുപ്പ് ആധാര്‍ സേവനങ്ങളും നല്‍കുന്നതാണ്.
കാര്‍ഗില്‍ വിജയത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ചിത്രപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇന്ത്യാ വിഭജനത്തെ ആസ്പദമാക്കിയുള്ളതും ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചുള്ളതുമായ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. പോഷകമാസാചരണത്തിന്റെ ഭാഗമായി അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായുള്ള പോഷകാഹാര പാചക മത്സരവും സംഘടിപ്പിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ കീഴിലുള്ള കലാസമിതികളിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.
വടകര, വടകര അര്‍ബന്‍, തോടന്നൂര്‍ ഐസിഡിഎസ് പ്രോജക്ടുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടി ആറാം തിയ്യതി വരെ നീണ്ടുനില്‍ക്കും. പ്രവേശനം സൗജന്യമാണ്. നാഷണല്‍ ആയുഷ് മിഷന്, ഇന്ത്യാ പോസ്റ്റ്, കോഴിക്കോട് സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്കീം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പിഐബി അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ വി.പളനിച്ചാമി, സെന്‍ട്രല്‍ ബ്യൂറോ കമ്യൂണിക്കേഷന്‍ ഡയരക്ടര്‍ വി.പാര്‍വതി, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍മാരായ ബിജു കെ.മാത്യു, എം.വി.പ്രജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.