വടകര: ദേശീയപാതയില്‍ ചോറോട് ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു വയസുകാരിക്ക് ഗുരുതര പരിക്കേറ്റ കേസില്‍ വടകര ലീഗല്‍ സര്‍വീസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പിച്ചു. ചോറോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒമ്പതിനാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനമിടിച്ചു പന്ന്യന്നൂര്‍ സ്വദേശി ബേബി (68) തല്‍ക്ഷണം മരിക്കുകയും ചെറുമകള്‍ ഒമ്പതു വയസുള്ള ദൃഷാനയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടം സംഭവിച്ച് ആറ് മാസമായിട്ടും

അപകടത്തിനിടയാക്കിയ വാഹനം വടകര പോലീസിനോ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോക്കോ കണ്ടെത്താനായിട്ടില്ല. ഇക്കാരണത്താല്‍ യാതൊരുവിധ ധനസഹായവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൃഷാനയുടെ കുടുംബത്തിന് ലഭ്യമായിട്ടില്ല.
കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം വടകര താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി വടകര ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പിയുടെ ഓഫീസില്‍ നിന്നു നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇവ ജില്ലാ ലീഗല്‍

സര്‍വീസ് അതോറിറ്റിക്ക് കൈമാറി. വടകര താലൂക്ക് ലീഗല്‍ സര്‍വീസസ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വിക്ടിം റൈറ്റ്സ് സെന്റര്‍ പാനല്‍ ലോയര്‍ വി.കെ.ഫൗസിയ, പാരാ ലീഗല്‍ വളണ്ടിയര്‍ കെ.എം.ശാന്ത എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമ സഹായം അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാവണമെന്ന് ദൃഷാനയുടെ കുടുംബം അഡ്വ.ഫൗസിയയോട് അഭ്യര്‍ഥിച്ചു. നഷ്ടപരിഹാരം ലഭിക്കേണ്ടതിന് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറിയതായി താലൂക്ക് അതോറിറ്റി അധികൃതര്‍ അറിയിച്ചു.