കടമേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർ, തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവഗണയിലും, അനാസ്ഥയിലും പ്രതിഷേധിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഒരു വർഷം മുമ്പേ തൊഴിലാളികൾ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ച ആവശ്യങ്ങൾ ഒന്നു പോലും പഞ്ചായത്ത് നടപ്പിലാക്കിയില്ല. 100 തൊഴിൽ ദിനങ്ങൾ എല്ലാ തൊഴിലാളികൾക്കും

ലഭ്യമാക്കുക, തൊഴിലിടങ്ങളിൽ കുടിവെള്ളവും തണൽ സൗകര്യങ്ങളും ഒരുക്കുക, ഹാജർ രേഖപ്പെടുത്താനും ഫോട്ടോ എടുക്കാനും രാവിലെയും ഉച്ചയ്ക്കും കിലോമീറ്ററുകൾ നടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ 40 വീതം തൊഴിലാളികളെ ഉൾപ്പെടുത്തി മസ്ട്രോൽ അടിച്ചു നൽകുക, സർക്കാർ നിർദ്ദേശിച്ച ചികിത്സാ ആനുകൂല്യങ്ങൾ തൊഴിലാളിക്ക് ലഭ്യമാക്കുക, ജോലി കഴിഞ്ഞ് ഒരാഴ്ചക്കകം കൂലി ലഭിക്കാനാവശ്യമായ നടപടി

എടുക്കുക എന്നീ മുഖ്യമായ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിച്ചത്.
കടമേരി മാക്കം മുക്കിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറി പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.കെ നാണു അധ്യക്ഷത വഹിച്ചു. ടി.വി കുഞ്ഞിരാമൻ , ടി. സജിത്ത്,എൻ കെ ചന്ദ്രൻ പി.യം ജാനു എന്നിവർ സംസാരിച്ചു. ടി. കൃഷ്ണൻ, ടി.എം ലീല, വിജീഷ് വി.കെ,സിന്ധു കെ, കെ.എം കുഞ്ഞിരാമൻ, റീജ നെല്ലിയോട്ട്, ബീന കെ, ധന്യ, ശാന്ത സി.പി എന്നിവർ നേതൃത്വം നൽകി.