വിലങ്ങാട്: ഇരുള് പരക്കുന്നതോടെ കുഞ്ഞുങ്ങള്‍ ഭയവിഹ്വലരാണ്. ഭക്ഷണം വേണ്ട, പഠനത്തില്‍ ശ്രദ്ധയില്ലാതായി. ആകെ വെപ്രാളം വിലങ്ങാട് മഞ്ഞച്ചീളിയിലെ ഒരു വീട്ടമ്മയുടേതാണീ വാക്കുകള്‍. വിലങ്ങാട് സാക്ഷ്യം വഹിച്ച മഹാ ദുരന്തത്തില്‍ ജീവന് മാത്രം ബാക്കിയാക്കി ഓടി രക്ഷപ്പെട്ട് വാടക വീടുകളില്‍ അതിജീവനത്തിനായി പൊരുതുന്ന ഒരു കൂട്ടം കുരുന്നുകള്‍ ഭീതിയുടെ നിഴലില്‍ ആണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. മഞ്ഞച്ചീളിയിലെ നാല്പതോളം കുട്ടികള്‍ ആണ് ഉരുള്‍ പൊട്ടലിന് നേര് സാക്ഷികള്‍. ഉരുള്‍പൊട്ടിയിട്ട് ഒരു മാസമായിട്ടും കുട്ടികളുടെ മനസ്സില്‍ നിന്ന് നടുക്കം വിട്ടു മാറിയില്ല

ജൂലായ് 29 ന് രാത്രി അതിശക്തമായ മഴയും മേഖലയില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിന് നിമിഷങ്ങള്‍ മുമ്പ് രക്ഷിതാക്കള്‍ക്കൊപ്പം വീടുകളില്‍ നിന്ന് ഓടി രക്ഷതേടിയവരായിരുന്നു ഇവര്‍. കൂറ്റന്‍ പാറകള്‍ മലവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നതും, പാറകള്‍ കൂട്ടിമുട്ടിയുള്ള കാതടപ്പിക്കുന്ന ഘോര ശബ്ദങ്ങളും കേട്ട് ഉരുള്‍ പൊട്ടലിന്റെ ഭീകരതയില്‍ സ്വന്തം കിടപ്പാടവും ഭൂമിയുമെല്ലാം ഉരുള്‍ തകര്‍ത്തെറിഞ്ഞ് മണ്ണ് മൂടുന്നത് നേരില്‍ കണ്ട ദൃശ്യങ്ങളാണ് ഇവരെ വേട്ടയാടുന്നത്. ‘ഈ ദുരന്തത്തിന് ശേഷം കുഞ്ഞ് മക്കളുടെ മനസ് താളം തെറ്റി ഉറക്കം ഇല്ലാതായി, മഴ പെയ്യുമ്പോഴും ഫാന്‍ കറങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ പോലും ഇവര്‍ ഞെട്ടി ഉണരുന്നു. നിലവിളിക്കുന്നു മൂന്ന് വയസ് മുതല്‍

പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ ഈ കൂട്ടത്തില്‍ ഉണ്ട്. ഇവര്‍ക്കിടയില്‍ ഇപ്പോള്‍ കളി ചിരികളില്ല. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരുമിച്ച് ചേരലുകളും നിലച്ചു. ഉരുള്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മഞ്ഞച്ചീളി സ്വദേശികള്‍ മുഴുവന്‍ പല സ്ഥലങ്ങളിലെയും വാടക വീടുകളിലേക്ക് താമസമായതോടെ വിദ്യാര്‍ഥികള്‍ പരസ്പരം ഒറ്റപ്പെട്ടു. ചിലര്‍ ആശുപത്രികളില്‍ ചികില്‍സ തേടി.കഴിഞ്ഞ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫറോന ചര്‍ച്ച് വികാരി വില്‍സണ്‍ മുട്ടത്തു കുന്നേലിന്റെ ആവശ്യപ്രകാരം കുളത്ത് വയല്‍ കൗണ്‍സിലിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് വിദഗ്ധ സൈക്കോളജിസ്റ്റ്കളുടെ കൗണ്‍സിലിംഗ് ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ആരോഗ്യ

വകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചെങ്കിലും ഉയര്‍ന്ന തലത്തിലുള്ള കൗണ്‍സിലിംഗ് വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സ്വകാര്യ കൗണ്‍സിലിംഗ് സെന്ററില്‍ കുട്ടികളെ കൊണ്ടുപോയി കൗണ്‍സിലിംഗ് നല്കാന് കഴിയാത്ത അവസ്ഥയും ഉണ്ട്.
ഗവണ്മെന്റ് ഭാഗത്ത് നിന്ന് ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ഉരുള്‍ പൊട്ടല്‍ ഭീഷണി ഉയര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നതോടെ ഇവരുടെ മാനസികാഘാതം വര്‍ധിച്ചതായി രക്ഷിതാക്കള്‍ പറയുന്നു.