തൃശൂര്‍: തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ഗം തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സിറ്റി പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തെന്ന അനില്‍ അക്കരയുടെ പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി.
സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മന്ത്രിക്കും സ്റ്റാഫിനും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണ് നടപടി. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രകോപനപരമായി പെരുമാറുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പിടിച്ചുതള്ളിയ സുരേഷ് ഗോപി പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് കാറില്‍ കയറി മടങ്ങുകയായിരുന്നു.