മണിയൂർ: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഇനി ഉന്നത നിലവാരത്തിലേക്ക്. 12കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നതായി എം.എൽ.എ കുഞ്ഞമ്മദ്കുട്ടി. തോടന്നൂർ ടൗണിൽ നിന്നും ആരംഭിച്ച് മണിയൂർ ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞ കടവ് ജംഗ്ഷൻ വരെയുള്ള പിഡബ്ല്യുഡി റോഡാണ് തോടന്നൂർ ഇടിഞ്ഞ കടവ് റോഡ്. ഈറോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണിയൂർ – തിരുവള്ളൂർ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും നിരന്തരമായ ആവശ്യമാണ് ഉയർന്നിട്ടുള്ളത്. തുടർന്ന് പ്ലാൻ

ഫണ്ടിൽ ഉൾപ്പെടുത്തി 12 കോടി രൂപ അനുവദിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് നിവേദനം നൽകുകയും, മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തിക്ക് ധനകാര്യ വകുപ്പിൻറെ അനുമതി ലഭിക്കുകയും തുടർന്ന് സാങ്കേതിക അനുമതി നടപടികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കുകയും ചെയ്തതായും എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിക്ക് അനുമതി ലഭിച്ചത്.ഇതിനുശേഷം പ്രവർത്തി ടെൻഡർ ചെയ്യുകയും കരാർ നടപടികൾ പൂർത്തിയാക്കുകയും ഉണ്ടായി. തോടന്നൂർ ടൗൺ മുതൽ 3.75 കിലോമീറ്റർ വരെയുള്ള ഭാഗത്ത് 5.5 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിലേക്ക് റോഡ് മാറും. 3.75 കി.മീ. മുതൽ

ഇടിഞ്ഞ കടവ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് നിലവിലുള്ള 3.8 മീറ്റർ വീതിയിൽ നിന്നും 5.5 മീറ്ററായി വീതി വർദ്ധിപ്പിച്ച് റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തും. ഇത്തരത്തിൽ തൊടന്നൂർ ടൗണിൽ നിന്നും 7.7 കിലോമീറ്റർ ഭാഗമാണ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക. അത്യാവശ്യം ഉള്ള ഭാഗങ്ങളിൽ റോഡിൻറെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്യും.7 പുതിയ കൾവേർട്ടുകൾ നിർമ്മിക്കും .കൂടാതെ 5 കൾവേർട്ടുകൾ പുതുക്കിപ്പണിയും.പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായി ചെരണ്ടത്തൂർ ചിറ ഭാഗത്ത് വ്യൂ പോയിൻറ് നിർമ്മിക്കും.റോഡ് വീതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റി സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. ഈറോഡ് പ്രവൃത്തി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റോഡിൻറെ ഗുണഭോക്താക്കളുടെ യോഗം ആഗസ്റ്റ് 28ആം തീയതി വിളിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.