വടകര: താഴെഅങ്ങാടി ശാന്തിനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കോണ്‍ക്രീറ്റ് കൈവരികള്‍ക്കുള്ളില്‍ കൈ കുടുങ്ങിയ വിദ്യാര്‍ഥിനിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വൈകുന്നേരം നാലുമണിയോടുകൂടിയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി നൗലയുടെ വലതു കൈ ഒന്നാംനിലയിലെ കോണ്‍ക്രീറ്റ് കൈവരികള്‍ക്കുള്ളില്‍ കുടുങ്ങിയത്. അധ്യാപകര്‍ ഉടന്‍തന്നെ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. കുതിച്ചെത്തിയ അഗ്നിരക്ഷാസേന ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് സ്ലാബ് വിടര്‍ത്തി മാറ്റിയാണ് കുട്ടിയുടെ കൈ സുരക്ഷിതമായി പുറത്തെടുത്തത്. സ്റ്റേഷന് ഓഫീസര്‍ പി.ഒ.വര്‍ഗീസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സി.കെ.ഷൈജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സി.കെ.അര്ജുന്, പി.ടി.സിബിഷാല്‍, അനിത് കുമാര്‍, പി.പി.അനുരാഗ്, എന്‍.സത്യന് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.