കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന് സിദ്ദിഖ്. രാജിക്കത്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ചു. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. രണ്ടു വരിയിലാണ് സിദ്ദിഖിന്റെ രാജിക്കത്ത്. ‘നിലവിലെ ആരോപണങ്ങള്‍ അറിഞ്ഞു കാണുമല്ലോ, ഈ സാഹചര്യത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് അനുവദിക്കണം’-എന്നാണ് കത്തിലുള്ളത്. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് സ്വമേധയാ രാജിവയ്ക്കുകയാണെന്ന് സിദ്ദിഖ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവനടിയാണ് രംഗത്തെത്തിയത്. നടന് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തിയിരുന്നു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നായിരുന്നു നടി പറഞ്ഞത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തി. ആ ദുരനുഭവം പറയാന്‍ പോലും സമയമെടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ക്രിമിനല്‍ ആക്ടിവിറ്റി എന്ന് വിശേഷിപ്പിച്ച ആളാണ് സിദ്ദിഖ്. അതേ ക്രിമിനല്‍ ആക്ടിവിറ്റിയാണ് തന്നോടും ചെയ്തതെന്ന് നടി പറഞ്ഞു.