ആയഞ്ചേരി: വടകര റെയില്‍വേ മെയില്‍ സര്‍വീസ് ഓഫീസ് (ആര്‍എംഎസ്) റെയില്വേസ്റ്റേഷന് പരിസരത്ത് തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.കുഞ്ഞമ്മദ്കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. കൊയിലാണ്ടി മുതല്‍ മാഹി വരെയും മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാല്‍ ഉരുപ്പടികള്‍ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്ന തപാല്‍ വകുപ്പിന്റെ അതിപ്രധാനമായ ഓഫീസാണ് വടകര റെയില്‍വെ സ്റ്റേഷനു മുന്‍ഭാഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ആര്‍എംഎസ് ഓഫീസ്.
24 മണിക്കൂറും എല്ലാ തപാല്‍ ഉരുപ്പടികളും ബുക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ട്. കോടതികള്‍, മോട്ടോര്‍ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള നിരവധി കത്തുകള്‍ അയക്കാന്‍ ആര്‍എംഎസിനെ ആശ്രയിച്ചു വരുന്നുണ്ട്
ഇത്തരത്തില്‍ വടകര ആര്‍എംഎസ് ഓഫീസ് കെട്ടിടം റെയില്‍വേ സ്റ്റേഷന് പരിസരത്ത് തന്നെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ എഞ്ചിനീയറുടെ കത്ത് പ്രകാരം ഈ ഓഫീസ് കെട്ടിടം പെട്ടെന്ന് ഒഴിയണമെന്നാണ് നിര്‍ദേശം. ഈ ഓഫീസിന്റെ പ്രാധാന്യം പരിഗണിച്ചു റെയില്‍വേ സ്റ്റേഷന് പരിസരത്ത് പുതിയ കെട്ടിടം ലഭ്യമാകുന്നത് വരെ നിലവിലെ കെട്ടിടത്തില്‍ ആര്‍എംഎസ് ഓഫീസ് തുടരാന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അഭ്യര്‍ഥിച്ചു.