വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടി ഉപ്പിലാറ മല ഇടിച്ച് മണ്ണെടുക്കുന്നതിനെ ചോദ്യം ചെയ്ത് പരിസര വാസികള്‍ രംഗത്ത്. മലയിലേക്ക് റോഡ് വെട്ടുന്നത് നാട്ടുകാര്‍ തടഞ്ഞു. മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങള്‍ക്ക് മണ്ണെടുപ്പ് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടി രൂപം നല്കിയ ഉപ്പിലാറ സംരക്ഷണ സമിതി അധികൃതരുടെ ഫലപ്രദമായ ഇടപെടല്‍ ആവശ്യപ്പെടുകയാണ്.
മറ്റൊരു ചൂരല്‍മലയോ വിലങ്ങാടോ ഉണ്ടായേക്കുമെന്ന ഭീതിയിലാണ് നാട്ടുകാ. വിവരമറിഞ്ഞ് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി. അദ്ദേഹം നിര്‍ദേശിച്ചതു പ്രകാരം റോഡ് പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിക്കു വേണ്ടിയാണ് ഉപ്പിലാറ കുന്ന് ഇടിക്കുന്നതെന്ന് സംരക്ഷണ സമിതി പറയുന്നു. അത്രയേറെ മണ്ണാണ് ഇവിടെ നിന്ന് കൊണ്ടുപോവുക. ഇത് ഗുരുതരമായ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വേനലില്‍ പോലും വറ്റാത്ത കിണറുകളാണ് ഈ താഴ്വാരത്തിന്റെ പ്രത്യേകത. ഉപ്പിലാറമലയുടെ അനുഗ്രഹമാണിത്. മണ്ണിടിച്ച് നീക്കിയാല്‍ കുടിവെള്ളക്ഷാമവും ദുരിതവും ഉറപ്പെന്ന് നാട്ടുകാര്‍ പറയുന്നു.
മലയിടിച്ച് മണ്ണെടുത്ത് കൊണ്ടുപോവുന്നതിനു വേണ്ടിയാണ് റോഡ് വെട്ടുന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശമാണ് ആറേക്കര്‍ മലയുള്ളത്. മുകളിലേക്ക് റോഡ് നിര്‍മിക്കുന്നതും സ്വകാര്യ വ്യക്തിയാണ്. മലഞ്ചെരുവില്‍ ഒരുഭാഗത്ത് റോഡിനായി മണ്ണ് നീക്കിയിട്ടുണ്ട്. പക്ഷേ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടത് താഴ് ഭാഗത്ത് താമസിക്കുന്നവരാണ്. അതുകൊണ്ടു തന്നെ നാട്ടുകാരില്‍ വലിയ ഭീതി നിലനില്‍ക്കുകയാണ്. കളക്ടര്‍ ഉള്‍പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം എത്തിക്കാനുള്ള ശ്രമത്തിലാണ് ഉപ്പിലാറ സംരക്ഷണ സമിതിയും നാട്ടുകാരും. ഇതിനായി അടുത്ത ദിവസം തന്നെ വിപുലമായ യോഗം ചേരും.