വടകര: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലേയും വിലങ്ങാടിലെയും ജനങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ വടകര താലൂക്ക്
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയനും ചേര്‍ന്ന് കാരുണ്യ യാത്ര നടത്തി. പുതിയ സ്റ്റാന്റില്‍ വടകര ആര്‍ടിഒ എ.സഹദേവന് കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ദുരിതത്തിലകപ്പെട്ടവരെ ചേര്‍ത്ത് പിടിച്ചു കൊണ്ട് നടത്തുന്ന കാരുണ്യ യാത്രക്ക് എല്ലാവരും പിന്തുണ നല്‍കണമെന്ന് ആര്‍ടിഒ പറഞ്ഞു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് താലൂക്ക് പ്രസിഡണ്ട് സല്‍വ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.പി.ഹരിദാസന്, സംസ്ഥാന കമ്മിറ്റി അംഗം ഉഷസ്സ് ഗോപാലന്, ട്രേഡ് യൂനിയന്‍ നേതാക്കളായ അഡ്വ: ഇ.നാരായണന് നായര്‍, കെ.വി.രാമചന്ദ്രന്, വിനോദ് ചെറിയത്ത്, കെ.എന്‍.എ. അമീര്‍, മജീദ് അറക്കിലാട്, മടപ്പള്ളി മോഹനന്, എന്‍.കെ.മോഹനന് കെ.പ്രകാശന്, ബസ്സ് ഉടമ സംഘടന ഭാരവാഹികളായ പ്രമോദ് അമൃത, ജിജു കുമാര്‍ എടവലത്ത്, വിജയന് കൈലാസ്, പി.പി വിജയന് എന്നിവര്‍ സംസാരിച്ചു. വടകര
കേന്ദ്രമായി സര്‍വീസ് നടത്തുന്ന 125 ബസുകളാണ് കാരുണ്യയാത്രയിലുള്ളത്. തൊഴിലാളികളുടെ വേതനം ഉള്‍പെടെ ഇന്നത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

