പേരാമ്പ്ര: കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ സന്ദേശം പ്രൈമറി സ്കൂൾ അധ്യാപകരിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാനായി പ്രൈമറി സ്കൂൾ അധ്യാപകർക്കുള്ള ശില്പശാലകൾക്ക് തുടക്കമായി. ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ബി ആർ സി ഹാളിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു നിർവഹിച്ചു. പേരാമ്പ്ര എ ഇ ഒ കെ വി പ്രമോദ് അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ബിപിസി വി പി നിത, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ കെ സജീവൻ, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ തുടങ്ങിയവർ സംസാരിച്ചു. ബാബു പറമ്പത്ത്

ശില്പശാല നയിച്ചു. മാലിന്യമുക്ത നവ കേരളത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പേരാമ്പ്ര ഉപജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആയി കെ പി സമീർ കൺവീനറും കെ അഷിത ജോയിൻറ് കൺവീനറും ഉപജില്ലയിലെ 9 ഗ്രാമപഞ്ചായത്ത് പരിധിയിലെയും ഓരോ അധ്യാപകർ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു. മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ സ്വയം പര്യാപ്തമായ യൂണിറ്റുകൾ ആക്കി നമ്മുടെ വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഇത്. ജില്ലയിലെ മുഴുവൻ

അധ്യാപകരുടെയും വിദ്യാർഥികളുടെയും വീടുകൾ ഹരിതഭവനങ്ങളും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുക. ഇതിൻറെ ഭാഗമായി വീടുകളിലും വിദ്യാലയങ്ങളിലും 3 പെട്ടികൾ വയ്ക്കണം ഒന്നാമത്തെതിൽ പ്ലാസ്റ്റിക്, രണ്ടാമത്തേതിൽ ചെരുപ്പ്, ബാഗ്, റെക്സിൻ, തെർമോകോൾ, മൂന്നാമത്തെ ഇതിൽ ചില്ല് എന്നിവ കഴുകി ഉണക്കി ശേഖരിക്കണം. ശേഖരിച്ചവ നിശ്ചിത ഇടവേളകളിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറണം. പെട്ടികൾ വെച്ചതിന്റെ ഫോട്ടോയും ഹരിത കർമ്മ സേനയ്ക്ക് മാലിന്യം കൈമാറിയതിന്റെ

രസീത് സ്കാൻ ചെയ്തതും ഹരിത ഭവനത്തിനായി രൂപീകരിച്ച ജില്ലാതല വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യണം. ഇങ്ങനെ ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. ഊർജ സംരക്ഷണത്തിനായി ഒരു സ്വിച്ച് പോലും അനാവശ്യമായി ഓൺ ചെയ്ത് വെക്കുന്നില്ല എന്ന് ഉറപ്പുവരുത്തും; ഊർജ ക്ഷമതയുളള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കും. ജല സംരക്ഷണത്തിനായി ഒരു തുള്ളി വെള്ളം പോലും ദുരൂപയോഗ പ്പെടുത്തുന്നില്ല എന്ന് ഉറപ്പു വരുത്തും. ഭക്ഷ്യസുരക്ഷയ്ക്കായി വീട്ടുവളപ്പിൽ പരമാവധി കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കും.