അഴിയൂര്‍: കുഞ്ഞിപ്പള്ളി പരിസരത്തെ അനധികൃത കച്ചവട സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അഴിയൂര്‍ ടൗണിലെ വ്യാപാരികള്‍ ഹരിത കര്‍മ സേനയുടെ പ്ലാസ്റ്റിക് ശേഖരണം ബഹിഷ്കരിച്ചു. പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കാന്‍ വന്ന ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് കവറുകളും നൂറ് രൂപ ഫീസും കൊടുക്കാതെയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്.എസ്.ഷാജി ബഹിഷ്കരണത്തിന് നേതൃത്വം നല്കിയ വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പര്‍ മുബാസ് കല്ലേരിയുമായി ചര്‍ച്ച നടത്തി. അനധികൃത

കച്ചവടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും എന്ന് സെക്രട്ടറിയുടെ ഉറപ്പിന്മേല് ഹരിത കര്‍മസേനയുമായി സഹകരിക്കാന്‍ വ്യാപാരികള്‍ പിന്നീട് തയ്യാറായി.
അനധികൃത സ്ഥാപനത്തിനെതിരെ വ്യാപാരികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. സ്ഥാപനം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടി

ലൈസന്‍സ് സംവിധാനത്തോടെ കച്ചവടം ചെയ്യുന്ന വ്യാപാരികളില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. വിഷയത്തില്‍ വ്യാപാരികള്‍ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ഹരിത കര്‍മ സേനയുടെ മാലിന്യ ശേഖരണം ബഹിഷ്കരിക്കാന്‍ തയ്യാറായത്.